കൊട്ടിയം : മയ്യനാട് പഞ്ചായത്തിന്റെ പരിധിയിലെ 10 പൊതുകുളങ്ങളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ 2026-27 പദ്ധതിയുടെ ഭാഗമായി, ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

To advertise here,

പഞ്ചായത്തിലെ 24-ാംവാർഡിലെ ശാർക്കര കുളത്തിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രസിഡൻറ് മുഹമ്മദ് റാഫി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം എം. നാസർ അധ്യക്ഷനായി. ഫിഷറീസ് ഓഫീസർ ജൂബി പദ്ധതി വിശദീകരണം നടത്തി.

കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആശ വർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

 

കുടുംബശ്രീ അംഗങ്ങൾക്കാണ് മീൻകുഞ്ഞുങ്ങളെ നൽകുന്നത്. കുളങ്ങളിൽ നിക്ഷേപിച്ച് പരിപാലിച്ച് വിളവെടുപ്പ് നടത്തുന്നതിലൂടെ വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. മുക്കളത്ത് കുളം, ശാർക്കര കുളം, മല്ലച്ചേരി കുളം, മണ്ണാണിക്കുളം, ആറാട്ടുകുളം, തലച്ചിറ കുളം, മറ്റേപ്പള്ളി കുളം, കൊച്ചുനടക്കുളം, ഉടയാടശ്ശേരി കുളം തുടങ്ങി 10 കുളങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഹു, കാർപ്പ് ഇനങ്ങളിലെ മീൻകുഞ്ഞുങ്ങളെയാണ് കുളങ്ങളിൽ നിക്ഷേപിക്കുന്നത്.