ഒറ്റപ്പാലം : കണ്ണിയംപുറത്തെ റോഡുകളിലൂടെ സഞ്ചരിക്കണമെങ്കിൽ അഭ്യാസം പഠിക്കണം. അത്രയേറെ തകർന്നുകിടക്കുകയാണ്. ചില ഭാഗങ്ങളിൽ റോഡ് ഇല്ലാത്ത സ്ഥിതിയാണ്. നഗരസഭയിലെ കണ്ണിയംപുറം സിവിൽ സ്റ്റേഷൻ കിള്ളിക്കാവ് റോഡും, കണ്ണിയംപുറം-ജെ.കെ. നഗർ റോഡുമാണ് തകർന്നു കിടക്കുന്നത്.

To advertise here,

കണ്ണിയംപുറം കിള്ളിക്കാവ് വാർഡിലെ റോഡുകളും വർഷങ്ങളായി ഈ അവസ്ഥയിലാണ്.

 

പാലക്കാട്-കുളപ്പുള്ളി പ്രധാന പാത മുതൽ തുടങ്ങുന്നു റോഡിന്റെ തകർച്ച. അമൃത് പദ്ധതിയിൽ പൈപ്പിടാൻ വേണ്ടി പൊളിച്ചു വർഷങ്ങളോളം തകർന്നുകിടന്നതിന് പിന്നാലെയാണ് റോഡ് പൂർവസ്ഥിതിയിലാക്കിയിരുന്നത്. ഇതാണ് വീണ്ടും പൊളിഞ്ഞത്. പല ഭാഗങ്ങളിലും റോഡ് കുഴികൾ നിറഞ്ഞുകിടക്കുകയാണ്.

കിള്ളിക്കാവ് റോഡിൽ തന്നെയാണ് സർക്കാർ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നത്. കിള്ളിക്കാവിലേക്കും ആശുപത്രിയിലേക്കും നിരവധിപേരാണ് വന്നുപോകുന്നത്. ബസ് സർവീസ് ഉള്ള റോഡാണ്. റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

റോഡുകളുടെ നവീകരണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നഗരസഭാ ചെയർപേഴ്‌സൺ എം.കെ ജയസുധ, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവർ അറിയിച്ചു.