കൊട്ടിയം : കൊല്ലം ഡിപ്പോയിൽനിന്ന് രാത്രി 10.05-ന് കണ്ണനല്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. സ്റ്റേ ബസ് സർവീസ് ഇനിയും പുനരാരംഭിച്ചില്ല.

To advertise here,

രാത്രികാല സർവീസ് നിലച്ചതോടെ, അടുത്തദിവസം രാവിലെ 5.15-ന് കണ്ണനല്ലൂരിൽനിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന ആദ്യ ട്രിപ്പും ഇല്ലാതായി. 2020-ൽ കോവിഡ് സമയത്താണ് സർവീസ് നിലച്ചത്. 2021-ൽ കോവിഡ് വീണ്ടും എത്തിയതോടെ സർവീസ് എന്നേക്കുമായി അവസാനിച്ചു.

 

നൂറുകണക്കിന് സാധാരണക്കാരെയും വിദ്യാർഥികളെയും ജീവനക്കാരെയും ഇത് ഒരുപോലെ വലയ്ക്കുകയാണ്. നിലവിൽ 10-ന് കൊല്ലത്ത് എത്തുന്ന യാത്രക്കാർ പെരുവഴിയിലാണ്. കൊല്ലം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലികഴിഞ്ഞ് മടങ്ങുന്നവരും ദീർഘദൂര ട്രെയിനുകളിലും ബസുകളിലും കൊല്ലത്ത് വന്നിറങ്ങുന്നവരും ഏറെ ആശ്രയിച്ചിരുന്ന സർവീസായിരുന്നു കണ്ണനല്ലൂർ സ്റ്റേ ബസ്.

ഈ സർവീസ് നിർത്തിയതോടെ രാത്രി പത്തിനുശേഷം കൊല്ലത്തുനിന്ന് കണ്ണനല്ലൂർ ഭാഗത്തേക്ക് പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്.

സാധാരണക്കാരായ യാത്രക്കാർ വലിയ തുക നൽകി ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. സുരക്ഷാഭീഷണിയും സാമ്പത്തികനഷ്ടവും യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

രാവിലെ കൊല്ലം നഗരത്തിലേക്ക് പച്ചക്കറികളും മറ്റും കൊണ്ടുപോകുന്ന ചെറുകിട കച്ചവടക്കാർക്കും പാൽ, പത്രവിതരണക്കാർക്കും ഈ ബസ് ഏറെ ഉപകാരപ്രദമായിരുന്നു. ഇപ്പോൾ രാവിലെ 5.45-നാണ് പ്രദേശത്തുനിന്നുള്ള ആദ്യ ബസ് സർവീസ്.

സാങ്കേതിക കാരണങ്ങളോ ജീവനക്കാരുടെ കുറവോ ചൂണ്ടിക്കാട്ടിയാണ് സർവീസ് റദ്ദാക്കിയതെന്നാണ് സൂചന.

സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് യുണീക് കൾച്ചറൽ ഫോറവും മലയാളവേദി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി. അധികൃതർക്കും മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയെന്ന് ഭാരവാഹികളായ എ. ഷാനവാസ്, മുഖത്തല ശ്രീരാജ് എന്നിവർ അറിയിച്ചു.