ചാത്തന്നൂരിൽ 'മാസ് എൻട്രി'

To advertise here,

ചാത്തന്നൂർ : ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ പഞ്ചായത്തുകളിലെ പ്രധാന കവലകളും ഇടറോഡുകളും തെരുവുനായ്ക്കൾ കൈയടക്കിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. പകൽസമയങ്ങളിൽപോലും കൂട്ടത്തോടെ റോഡിലിറങ്ങുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.

ചാത്തന്നൂർ എസ്.എൻ. കോളേജിന് പടിഞ്ഞാറു ഭാഗത്തെ ആൽത്തറയ്ക്കു മുന്നിൽ ഒരു ഡസനിലേറെ തെരുവുനായ്ക്കളാണ് എപ്പോഴും തങ്ങിയിരിക്കുന്നത്. എസ്.എൻ. കോളേജ്, എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഉളിയനാട് ഗവ. ഹൈസ്‌കൂൾ, വിമല സെൻട്രൽ സ്‌കൂൾ, എസ്.എൻ. പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾ ദിവസേന കടന്നുപോകുന്ന പ്രധാന പാതയാണിത്. കാൽനടയായി പോകുന്ന വിദ്യാർഥികൾക്കു പിന്നാലെ കൂടുന്ന നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നത് ഇവിടെ നിത്യസംഭവമായി മാറി.

ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ ഓടുന്നതും വാഹനങ്ങൾക്ക് കുറുകേ ചാടുന്നതും പതിവായതോടെ അപകടങ്ങളും തുടർക്കഥയാകുന്നു.

കുറച്ചുനാൾമുൻപ് ആദിച്ചനല്ലൂർ പ്രദേശത്ത് ബസ് കാത്തുനിന്ന വിദ്യാർഥിയുൾപ്പെടെ രണ്ടുപേരെ തെരുവുനായ കടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉളിയനാട്, വിളപ്പുറം, പാണയിൽ, ചാത്തന്നൂർ, മാമ്പള്ളിക്കുന്നം, ഊറാംവിള, പാക്കാട്, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.

എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് തെരുവുനായ്ക്കൾ പെറ്റുപെരുകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയായ തെരുവുനായശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാതയോരങ്ങളിലെ മാലിന്യംതള്ളലാണ് തെരുവുനായശല്യം രൂക്ഷമാകുന്നതിനു പിന്നിലെ പ്രധാന വില്ലൻ. റോഡരികുകളും ഒഴിഞ്ഞ പറമ്പുകളും മാലിന്യക്കൂമ്പാരമായി മാറിയതോടെയാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പാതയോരങ്ങളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. ഈ മാലിന്യങ്ങൾ ഭക്ഷിക്കാനായി നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതോടെ പ്രധാന കവലകളും ഇടറോഡുകളും ഇവയുടെ താവളമായി മാറുന്നു. ഭക്ഷണത്തിനായി നായ്ക്കൾ തമ്മിൽ കടികൂടുന്നതും ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും നേരേ പാഞ്ഞടുക്കുന്നതും നിത്യസംഭവമാണ്. മാലിന്യംതള്ളൽ തടയാൻ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കർശനമായ പരിശോധനയോ സി.സി.ടി.വി. നിരീക്ഷണമോ ഇല്ലാത്തതാണ് സമൂഹവിരുദ്ധർക്ക് തുണയാകുന്നത്.