പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ജലവിതരണക്കുഴൽപൊട്ടി റോഡ് പൊളിഞ്ഞു. തൊട്ടുചേർന്ന വർക്‌ഷോപ്പിൽ വെള്ളം കയറി. പാത ഏറെദൂരം വെള്ളത്തിലായി. പുനലൂർ വാളക്കോട് വലിയവളവിനു സമീപം ശനിയാഴ്ച രാത്രി 8.30-നായിരുന്നു സംഭവം.

To advertise here,

പുനലൂർ ജലവിതരണപദ്ധതിയുടെ, പുനലൂരിൽനിന്ന് കലയനാട് ഭാഗത്തേക്കു പോകുന്ന കുഴലാണ് പൊട്ടിയത്. റോഡ് ഏതാണ്ട് മൂന്നുമീറ്ററോളം നീളത്തിൽപൊട്ടി വെള്ളം കുതിച്ചൊഴുകി. റോഡിനോടു തൊട്ടുചേർന്ന്‌ തമിഴ്നാട് അംബാസമുദ്രം സ്വദേശി രാജേന്ദ്രൻ നടത്തിവരുന്ന ഇരുചക്രവാഹന വർക്‌ഷോപ്പിലാണ് വെള്ളം കയറിയത്.

സ്ഥലത്ത് റോഡ് മുഴുവൻ വെള്ളത്തിലായി. ഇത് വാഹനയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.ഇപ്പോൾ കുഴൽ പൊട്ടിയതിനു തൊട്ടടുത്തായി ഒരുമാസംമുൻപും കുഴൽ പൊട്ടിയിരുന്നു. ഏതാനും നാളുകളായി പുനലൂർ നഗരസഭാ പരിധിയിൽ പലയിടത്തും ജലവിതരണക്കുഴൽപൊട്ടി ദേശീയപാത തകരുകയാണ്.

ഒരുമാസംമുൻപ് പുനലൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ ജലവിതരണക്കുഴൽപൊട്ടി നാലിടത്ത് ദേശീയപാത തകർന്നിരുന്നു. റൗണ്ട്എബൗട്ടിനു സമീപം പാതയുടെ മധ്യത്തിലായി വൻ ഗർത്തവും രൂപപ്പെട്ടിരുന്നു. ഇതോടൊപ്പം ദേശീയപാതയ്ക്കു സമാന്തരമായ കച്ചേരി റോഡിലും കുഴൽപൊട്ടി റോഡ് തകർന്നിരുന്നു.