ആനക്കര : നെൽച്ചെടികൾ വളർന്ന് പച്ചപ്പണിഞ്ഞുനിൽക്കേണ്ട പാടത്ത് കുപ്പിച്ചില്ല് ചിതറിക്കിടക്കയാണ്. കൃഷിയിറക്കിയ പാടത്തേക്കിറങ്ങുന്ന കർഷകർ ഓരോ ചുവടു വെക്കുന്നതും ഭയത്തോടെയാണ്. നെൽച്ചെടികൾക്കിടയിൽക്കിടക്കുന്ന മദ്യക്കുപ്പികളുടെ ചില്ലുകൾ കാലിൽത്തറച്ച് പലർക്കും പരിക്കേൽക്കുന്നു.
പട്ടിത്തറ പഞ്ചായത്തിലെ പൂലേരിപ്പാടത്തെ 20 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ പല ഭാഗങ്ങളിലും മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞ് കർഷകർ ദുരിതത്തിലായി.
15 കർഷകർ കൃഷിചെയ്യുന്ന പാടശേഖരത്തിൽ നെൽച്ചെടികൾക്ക് രണ്ടുമാസത്തോളം പ്രായമായി. കൃഷിയുടെ പരിപാലനത്തിനായി പാടത്തിറങ്ങുമ്പോൾ മാലിന്യവും ഒഴിഞ്ഞ മദ്യക്കുപ്പികളും പെറുക്കിമാറ്റേണ്ട അവസ്ഥയിലാണ് കർഷകർ. കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നതിനാൽ അപകടസാധ്യതയേറി. കർഷകനായ സി.പി. ജലീലിന് കുപ്പിച്ചില്ലുകൾ തറച്ച് കാലിൽ പരിക്കേറ്റു. പാടശേഖരം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമായി മാറിയതോടെയാണ് മാലിന്യപ്രശ്നം രൂക്ഷമായത്.
പൂലേരിപ്പാടത്തിന് പുറമേ അമ്മത്തിൽകുളം, കാങ്കത്ത് കുളം, തോണിക്കുളം, കൈതക്കുളം തുടങ്ങിയ പ്രദേശങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ കുമിഞ്ഞുകൂടിയ നിലയിലാണ്.
പാടത്ത് കുപ്പികൾ വലിച്ചെറിയരുതെന്ന മുന്നറിയിപ്പ് ബോർഡ് പാടശേഖരസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരമായിട്ടില്ല.
കൃഷിയിടങ്ങളിലെ മാലിന്യംതള്ളൽ തടയാൻ അധികൃതരുടെ ഇടപെടലും കർശന നടപടികളും വേണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 23 Nov 2026, 02:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented