ചെർപ്പുളശ്ശേരി : മൂന്ന്‌ പതിറ്റാണ്ടിലേറെയായി ചെർപ്പുളശ്ശേരിയുടെ മുഖമായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടസമുച്ചയം ഇനി ഓർമ്മ. അപകടാവസ്ഥയിലായതിനെത്തുടർന്നാണ് കെട്ടിടസമുച്ചയം പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചത്. കഴിഞ്ഞദിവസം ബഹുനിലക്കെട്ടിടം പൂർണമായും പൊളിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടം യാഡിൽനിന്ന് നീക്കംചെയ്യുന്നതോടെ ഏഴുകോടിരൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് സ്റ്റാൻഡ്-കം-ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കുന്നതിനുള്ള നടപടിക്രമം നഗരസഭ പൂർത്തിയാക്കിവരികയാണ്.

To advertise here,

 

പി. രാമകൃഷ്ണൻ ചെർപ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേ, 1989-ലാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന്, 1995-ൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. മൂന്ന് നിലയിലായി നിർമിച്ച കെട്ടിടത്തിന്റെ താഴത്തെനിലയിൽ വ്യാപാരസ്ഥാപനങ്ങളും മുകളിലെ നിലകളിൽ ജില്ലാ റൂറൽ ട്രഷറി ഓഫീസ്, കൃഷിഭവൻ, ജില്ലാ സഹകരണബാങ്ക്, ഹോട്ടൽ എന്നിവയും പിന്നീട് പഞ്ചായത്ത് കാര്യാലയവും പ്രവർത്തിച്ചിരുന്നു. എന്നാൽ, കാലപ്പഴക്കത്താൽ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിക്കയുമായിരുന്നു.

പഴയ സ്റ്റാൻഡ് അടച്ചിടാൻ തീരുമാനമായി. കഴിഞ്ഞ മേയ് 30-ന് പുത്തനാൽക്കൽ പരിസരത്തുള്ള നഗരസഭയുടെ ബസ് സ്റ്റാൻഡ് ഉദ്ഘാടനംചെയ്തതിനുശേഷം ഇവിടെനിന്നാണ് ബസ് സർവീസുകൾ.

പുതിയ ബസ് സ്റ്റാൻഡ്-കം-ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാൻ 2025-26 വാർഷികപദ്ധതിയിൽ ഏഴുകോടിരൂപയാണ് നഗരസഭ നീക്കിവെച്ചിട്ടുള്ളത്. ഹഡ്‌കോയിൽനിന്ന് അഞ്ചുകോടി രൂപ വായ്പയനുവദിക്കാൻ നടപടിക്രമങ്ങളായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അർബൻചാലഞ്ച് ഫണ്ട് ലഭ്യമാക്കുന്നതിനായി പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായി പണിയുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ ഷോപ്പിങ് കോംപ്ലക്‌സ്, വിശ്രമമുറികൾ, ശൗചാലയങ്ങൾ, കമ്യൂണിറ്റി ഹാൾ, ലിഫ്റ്റ് സൗകര്യം, മേൽക്കൂര മേഞ്ഞ ബസ് സ്റ്റാൻഡ് യാഡ്, ക്ലോക്ക് ടവർ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അടുത്തവർഷം മാർച്ചിൽ തറക്കല്ലിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭാ ഉപാധ്യക്ഷൻ സി. ജയകൃഷ്ണൻ പറഞ്ഞു.