കുളത്തൂപ്പുഴ : പകലോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാടുവിട്ടിറങ്ങുന്ന കാട്ടുപോത്തുകൾ ജനവാസമേഖലയിലേക്ക് കടന്നെത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര, അമ്പതേക്കർ, ഡീസന്റ്മുക്ക് തുടങ്ങിയ ജനവാസമേഖലയിലും വില്ലുമല ആദിവാസി ഉന്നതികളിലുമാണ് കാട്ടുപോത്തുശല്യം രൂക്ഷമായിരിക്കുന്നത്.

To advertise here,

കഴിഞ്ഞ ഒരാഴ്ചയിലധികമായി ഒരു കാട്ടുപോത്ത് ഗ്രാമവഴികളിലുടെ തലങ്ങും വിലങ്ങും പോകുന്നതിനാൽ വീടിനു പുറത്തിറങ്ങാനോ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാനോ കഴിയാതെ ഭയപ്പാടിലാണ് പ്രദേശവാസികൾ. സന്ധ്യ മയങ്ങുന്നതോടെ സമീപത്തെ കുട്ടിവനത്തിൽനിന്നാണ് കാട്ടുപോത്ത് കടന്നുവരുന്നത്. പലദിവസങ്ങളിലും പാതിരാത്രിയിൽ വീട്ടുമുറ്റത്തും പറമ്പുകളിലും നിലയുറപ്പിക്കുന്നതാണ് പതിവ്.

ഏതാനുംദിവസംമുൻപ് വനംവകുപ്പ് അഞ്ചൽ റെയ്ഞ്ച് അധികൃതരുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ടൗണിനോട് ചേർന്നുള്ള പതിനാറേക്കർ, മരുതിമൂട് പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്താൻ മിഷൻ വൈൽഡ് ലൈഫ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇവയെ കുളത്തൂപ്പുഴയാർ കടത്തി സൗരോർജവേലി സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ വനത്തിലേക്ക് തുരത്തിയ കാട്ടുപോത്തുകൾ തൊട്ടടുത്തുള്ള ജനവാസമേഖലയായ അമ്പതേക്കർ, അമ്പലം വാർഡുകളിലേക്ക് കടന്നെത്തുന്നതാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.