അഗ്നിസാക്ഷിക്ക് 50

To advertise here,

കൊട്ടാരക്കര : ഒരു സമുദായത്തിന്റെ ജീർണതകളെ ഉള്ളിൽനിന്നു പുകച്ച അഗ്നിസാക്ഷിയെന്ന അക്ഷരാഗ്നിക്ക് അൻപതാണ്ട്‌ തികയുമ്പോൾ കോട്ടവട്ടത്തെ തെങ്കുന്നത്തുമഠം ഓർമ്മപുതുക്കുന്നു. ലളിതാംബിക അന്തർജനത്തിന്റെ തറവാട്. എഴുത്തുകാരി 17 വയസ്സുവരെ വളർന്നയിടം, അത്തോൽ ജീവിതങ്ങളുടെ മനോഭാരവും നൊമ്പരവും ആവാഹിച്ച തൂലികയ്ക്കു മഷിപകർന്നത് ഇവിടെനിന്നു ലഭിച്ച അനൗപചാരിക വിദ്യാഭ്യാസവും സാമൂഹികബോധവുമാണ്. അഗ്നിസാക്ഷിയുടെ അൻപതാം വാർഷികത്തിൽ തെങ്കുന്നത്തുമഠത്തിന്റെ മുറ്റത്ത് സാഹിത്യപ്പന്തലുയരും. നോവലിസ്റ്റ് നടന്ന വഴികളിൽ തെളിഞ്ഞ കാലത്തെ പുത്തൻ തലമുറ പുതുവായന നടത്തും.

1909 മാർച്ച് 30-നാണ് കോട്ടവട്ടം തെങ്കുന്നത്തു മഠത്തിൽ കെ. ദാമോദരൻ പോറ്റിയുടെയും നങ്ങയ്യ അന്തർജനത്തിന്റെയും മകളായി ലളിതാംബിക പിറന്നത്. നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻ പോറ്റിയടക്കം എട്ടു സഹോദരൻമാരുടെ ഏക സഹോദരി. അച്ഛൻ ശ്രീമൂലം പ്രജാസഭാംഗവും പ്രശസ്ത പണ്ഡിതനും സമുദായപരിഷ്‌കരണത്തിനു മുന്നിൽനിന്ന ആളുമായിരുന്നതിനാൽ പരിഷ്‌കരണവാദവും നവോത്ഥാനചിന്തയും ലളിതാംബികയിൽ ചെറുപ്പത്തിലെ കൂടുകൂട്ടി. ലളിതാംബികയ്ക്ക് വീട്ടിൽത്തന്നെയായിരുന്നു വിദ്യാഭ്യാസം. കവിതയെഴുത്തിലൂടെ എഴുത്തുലോകത്തേക്കും. ഗാന്ധിജിയുടെ ആശയങ്ങളിലാകൃഷ്ടയായി, സ്വന്തമായി നെയ്ത ഖദർവസ്ത്രങ്ങൾ ധരിച്ചു. ഗാന്ധിജിയെ നേരിൽക്കണ്ട്‌ സ്വന്തമായി നെയ്ത ഖദർവസ്ത്രം സമ്മാനിച്ചു. ശ്രീനാരായണഗുരുവിനെ അമ്മായി നേരിൽക്കണ്ടിട്ടുണ്ടെന്നും ഖദർ ബ്ലൗസും മുണ്ടും മേൽമുണ്ടുമായിരുന്നു തറവാട്ടിൽ അമ്മായിയുടെ വേഷമെന്നും ഇളയ സഹോദരനും എം.എൽ.സി.യുമായിരുന്ന കൃഷ്ണൻ പോറ്റിയുടെ മകൻ സന്തോഷ്‌കുമാർ ഓർക്കുന്നു. 1985-ൽ രാമപുരത്ത് നടന്ന തന്റെ വിവാഹത്തിൽ ലളിതാംബിക അന്തർജനം പങ്കെടുത്തിരു​െന്നന്നും അതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും റിട്ട. അധ്യാപകൻകൂടിയായ സന്തോഷ്‌കുമാർ പറയുന്നു.

ഇല്ലത്ത് ഇന്ന് സാഹിത്യസദസ്സ്

:അഗ്നിസാക്ഷി നോവലിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ വെട്ടിക്കവല പഞ്ചായത്ത് നേതൃസമിതിയും കോട്ടവട്ടം ദാമോദര സ്മാരക ഗ്രന്ഥശാലയും ചേർന്ന് സാഹിത്യസദസ്സ് നടത്തും. മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. തെങ്കുന്നത്തുമഠം കുടുംബാംഗം കെ. സന്തോഷ്‌കുമാർ ലളിതാംബികം അന്തർജനം ഓർമ്മക്കുറിപ്പ് അവതരിപ്പിക്കും.

എം.ഹരീന്ദ്രന്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം ഡോ. പി.കെ.ഗോപൻ പ്രഭാഷണം നടത്തും. സാംസ്‌കാരിക ഘോഷയാത്ര, വൃക്ഷത്തൈ വിതരണം, അഗ്‌നിസാക്ഷി നോവലിലെ കഥാപാത്രങ്ങളുടെ അവതരണം, അഗ്‌നിസാക്ഷി ആസ്വാദനക്കുറിപ്പ് മത്സരവിജയികൾക്ക് സമ്മാനവിതരണം എന്നിവയും നടത്തുമെന്ന് സ്വാഗതസംഘം കൺവീനർ ഷൈൻപ്രഭ അറിയിച്ചു.