കൊല്ലം : നല്ല കരിമീൻ എവിടെ കിട്ടുമെന്ന് ചോദിച്ചാൽ ഏതൊരാളും, പ്രത്യേകിച്ച് ഷെഫുമാർ പറയും-അത് കാഞ്ഞിരകോട് കായലിലെ കരിമീനാണെന്ന്. വില എത്രയായാലും കരിമീൻ കൊണ്ടുപോകാൻ ആളെത്തും. അത്രയ്ക്ക് പേരാണ് കാഞ്ഞിരകോട് കായലിനും കരിമീനിനും.

To advertise here,

ടൂറിസം മന്ത്രിയുടെ മണ്ഡലത്തിലാണ് കാഞ്ഞിരകോട് കായൽ. കുണ്ടറയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കാഞ്ഞിരകോട് കായൽതീരത്തെ ടൂറിസം ഹബ്ബാക്കി മാറ്റാൻ മന്ത്രിക്ക് മാത്രമേ കഴിയൂ. പ്രകൃതി കനിഞ്ഞുനൽകിയ കായൽതീരത്തിന്റെ സൗന്ദര്യം പ്രയോജനപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് ഇവിടെ ആവശ്യം.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഐസ് പ്ലാന്റ് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്. പ്ലാന്റിന്റെ ഗേറ്റുകൾ തല്ലിത്തകർത്തനിലയിലാണ്. സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയ പ്രദേശം സംരക്ഷിച്ച് കുട്ടികളുടെ പാർക്കായോ പാർക്കിങ് ഏരിയയായോ വികസിപ്പിക്കാനാകും.

ഐസ് പ്ലാന്റ് കോമ്പൗണ്ടിന്റെ സമീപത്തുകൂടി നിലവിൽ ഗതാഗതസൗകര്യവുമുണ്ട്. ബോട്ടിങ്ങിനും മറ്റ് വിനോദയാത്രകൾക്കും കായൽ ഉപയോഗപ്പെടുത്താനാകും. കുട്ടികളുടെ പാർക്ക്, ബോട്ടിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കാഞ്ഞിരകോട് കായൽതീരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

കായലോരസംഗമം നടത്തി പൗരസമിതി

കാഞ്ഞിരകോട് കായലിനെ ടൂറിസം ഹബ്ബാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കുണ്ടറ പൗരസമിതി കായലോരസംഗമം നടത്തിയിരുന്നു. കാഞ്ഞിരകോട് കായൽതീരത്തെ കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കി കുണ്ടറയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നായിരുന്നു സംഗമത്തിന്റെ ആവശ്യം.

റോഡിനും കായലിനും സമീപത്തുള്ള കണ്ടൽക്കാടുകൾ പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടും. റോഡിനും കായലിനുമിടയിലുള്ള സ്ഥലത്തിന് വീതി കുറവായതിനാൽ സ്വകാര്യ ഭൂമിയിൽ വലിയ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമപരമായ പരിമിതികളുണ്ട്. റവന്യൂ രേഖകൾ പരിശോധിച്ച് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.

‘പദ്ധതികൾ വേണം’

കുണ്ടറയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തണം. കാഞ്ഞിരകോട് കായലിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ മന്ത്രിക്ക് കഴിയുമെന്നും ഇതിനായി ടൂറിസം മന്ത്രിയും ടൂറിസം വകുപ്പും അടിയന്തരനടപടി സ്വീകരിക്കണമെന്നുമാണ് പൗരസമിതിയുടെ ആവശ്യം.

ജി. പദ്മാകരൻ

കുണ്ടറ പൗരസമിതി, ഗുരുദേവ ട്രസ്റ്റ് ചെയർമാൻ, കുണ്ടറ