കരുനാഗപ്പള്ളി : തഴവയിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിന് കെട്ടിടം നിർമിക്കുന്ന സ്ഥലം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോൺ സന്ദർശിച്ചു. അടുത്ത അധ്യയനവർഷത്തോടെ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രിയും സി.ആർ. മഹേഷ് എം.എൽ.എ.യും അറിയിച്ചു.

To advertise here,

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ 2016-ലാണ് സർക്കാർ കോളേജ് അനുവദിച്ചത്. ആദ്യം പാവുമ്പ ഹൈസ്‌കൂളിന്റെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിന്നീട് തഴവയിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പരിമിതമായ സൗകര്യങ്ങളിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കോളേജിന് കെട്ടിടം നിർമിക്കുന്നതിനായി ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിനോട് ചേർന്ന സ്ഥലം അനുവദിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ഐ.എച്ച്.ആർ.ഡി. കോളേജിന്റെ വർക്ക് ഷോപ്പ് കെട്ടിടം നിർമാണത്തിന് തടസ്സമായിരുന്നു. ഒടുവിൽ ഈ കെട്ടിടവും പൊളിച്ചുമാറ്റിയതോടെ നിർമാണം വേഗത്തിലായി. രണ്ട് ഘട്ടങ്ങളായാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ടത്തിൽ സെൻട്രൽ ബ്ലോക്ക് കെട്ടിടം മൂന്നുനിലകളിലായി നിർമിക്കും. രണ്ട് ഘട്ടങ്ങളിലായി 12393 ചതുരശ്ര മീറ്ററിലുള്ള കെട്ടിടമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 5197 ചതുരശ്ര മീറ്റർ കെട്ടിടനിർമാണമാണ് ആരംഭിച്ചത്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. ഗ്രീൻ പ്രോട്ടക്കോൾ പ്രകാരമുള്ള നിർമാണം നടത്തുന്നതിനാൽ പലതവണ എസ്റ്റിമേറ്റിലും ഘടനയിലും ഭേദഗതികൾ വരുത്തി. 2025 ജനുവരി 25-ന് ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം 18.85 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുകയും ചെയ്തു. എന്നാൽ സാങ്കേതികാനുമതി ലഭ്യമാക്കാൻ കാലതാമസമുണ്ടായി.

സി.ആർ. മഹേഷ് എം.എൽ.എ.യുടെ നിർദേശപ്രകാരം മാർച്ച് 24-ന് നിയമസഭാ കോംപ്ലക്‌സിൽ ഉന്നതവിദ്യാഭ്യാസ ഡയറക്ടറുടെയും കിഫ്ബി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഏപ്രിൽ അഞ്ചിനുചേർന്ന സാങ്കേതിക കമ്മിറ്റിയിൽ നിർമാണത്തിന് അനുമതി ലഭിച്ചു. മേയ് അഞ്ചിന് ടെൻഡർ ചെയ്തു. ആദ്യ ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല. ഇതോടെ റീ-ടെൻഡർ ചെയ്താണ് നിർമാണം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

കരാർ ഏറ്റെടുത്ത കമ്പനി നിർമാണ ഏജൻസിയായ കിറ്റ്‌കോയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. എത്രയുംവേഗം നിർമാണം പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.