ശുചീകരണത്തിന് ഗ്രാമസഭ ചേർന്നു

To advertise here,

കുന്നിക്കോട് :സ്വച്ഛതാ ഹി സേവാ കാംപെയ്ന്റെ ഭാഗമായി തലവൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനത്തിൽ തലവൂരിൽ മനുഷ്യച്ചങ്ങല തീർത്തു. ശുചീകരണത്തിന് പ്രത്യേക ഗ്രാമസഭയും നടത്തി. ശുചിത്വപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കി മാലിന്യമുക്ത തലവൂർ എന്ന ആശയത്തിന്റെ ഭാഗമായി പഞ്ചായത്ത്‌ ഓഫീസിനു സമീപത്തുനിന്ന്‌ തലവൂർ ഭദ്രാദേവീക്ഷേത്രംവരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. പ്രസിഡന്റ് ടി.എം. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികലാ മോഹൻ അധ്യക്ഷത വഹിച്ചു. നൂറുകണക്കിനുപേർ ചങ്ങലയിൽ കണ്ണികളായി. തുടർന്ന് പഞ്ചായത്ത് ഹാളിൽ പ്രത്യേക ഗ്രാമസഭകൂടി തുടർ ശുചീകരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.

ഗ്രാമസഭായോഗം കില ജില്ലാ ഫെസിലിറ്റേറ്റർ ഗിരിജാ രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. ബിജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളുടെയും ഹരിതകർമസേനാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ശുചീകരണം നടത്തി. സ്കൂൾ വിദ്യാർഥികളുടെയും ഹരിതകർമസേനാംഗങ്ങളുടെയും തെരുവുനാടകങ്ങൾ വിവിധ സ്ഥലങ്ങളിൽ അരങ്ങേറി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ ഒ. പൊന്നച്ചൻ, പി.ആർ. രശ്മി, ലിസി മാത്യു, ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ വി. മോഹനകുമാർ, അനു ജെ. ബേബി, ആർ. ബീന, സരസ്വതി, ജെ. ഗൗരി, ലാലി ജോൺ, ഷീന എന്നിവർ പ്രസംഗിച്ചു.