കുളത്തൂപ്പുഴ :ഓന്തുപച്ച-ചണ്ണപ്പേട്ട പാതയിൽ ഇരുവശങ്ങളിലുമുള്ള വനഭൂമിയിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. അറവുമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, കോഴിഫാമുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യം എന്നിവയാണ്‌ വ്യാപകമായി വനഭൂമിയിൽ തള്ളിയിരിക്കുന്നത്‌. നാട്ടിലെ മാലിന്യം മുഴുവൻ ചാക്കിലാക്കി സമൂഹവിരുദ്ധർ ഇവിടെ കാട്ടിൽ തള്ളുന്നത് പതിവായിട്ടും വനംവകുപ്പിന് അനക്കമില്ല.

To advertise here,

തകരമണ്ണിനു സമീപം ചീനിക്കാല ജനവാസമേഖലയിലേക്ക് പേകുന്ന വനപാതയിലാണ് മാലിന്യം കൂടിക്കിടക്കുന്നത്. വനംവകുപ്പ് സ്ഥാപിച്ച ചെക്പോസ്റ്റ് മറികടന്നാണ് വാഹനങ്ങളിൽ ചാക്കുകെട്ടുകളായി മാലിന്യമെത്തിച്ച് വനത്തിൽ തള്ളുന്നത്. അഞ്ചൽ റെയിഞ്ചിൽപ്പെട്ട പ്രദേശത്ത് വനപാലകരുടെ പരിശോധന നടക്കുന്നി​െല്ലന്നതിന് തെളിവാണ് മാലിന്യശേഖരം ദിവസവും വർധിക്കുന്നത്. കുളത്തൂപ്പുഴ പോലീസിന്റെ പരിശോധനയില്ലാത്തതും സമൂഹവിരുദ്ധർ പ്രദേശം മാലിന്യം തള്ളൽ കേന്ദ്രമാക്കാൻ കാരണമാകുന്നു.

സമീപത്തുകൂടി കുടുക്കത്തുപാറ ടൂറിസം കേന്ദ്രത്തിലേക്ക് ദിവസവും ഒട്ടേറെ സഞ്ചാരികളാണ് പോകുന്നത്. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധത്താൽ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്‌. മാലിന്യത്തിൽനിന്ന്‌ ഒലിച്ചിറിങ്ങുന്ന ജലം വനത്തിലെ തോടുകളിലൂടെ ജനവാസമേഖലയിലേക്ക് ഒഴുകിയെത്തുന്നത് നാട്ടുകാർക്ക്‌ ദുരിതമായിട്ടുണ്ട്.

മുൻപ്‌ ശൗചാലയമാലിന്യം ടാങ്കറുകളിൽ പാതയോരങ്ങളിലും വനത്തിലും തള്ളിയതിനെത്തുടർന്ന്‌ വനത്തിലേക്കുള്ള ഊടുവഴികളിൽ ചെക്പോസ്റ്റ് സ്ഥാപിച്ചിരുന്നു. പിന്നീട്‌ തകർന്ന ഇൗ വഴികളിലൂടെയാണ്‌ വാഹനങ്ങൾ മാലിന്യവുമായി വനത്തിൽ പ്രവേശിക്കുന്നത്.