ലോകത്തിലെ ഏറ്റവും അസാധാരണമായ മത്സ്യങ്ങളിൽ ഒന്നാണ് ഈലുകൾ. വെള്ളത്തിനടിയിലൂടെ വളഞ്ഞുപുളഞ്ഞാണ് ഇവ സഞ്ചരിക്കുക. കാഴ്ചയിൽ പാമ്പിനെപ്പോലെ തോന്നിക്കുമെങ്കിലും ഈലുകൾ മത്സ്യങ്ങളാണ്. മറ്റു മീനുകളെപ്പോലെ ഇവയുടെ ശരീരത്തിൽ സാധാരണയായി ചെതുമ്പലുകൾ കാണാറില്ല. അതിനാൽ ഇവയുടെ ശരീരം വഴുവഴുപ്പുള്ളതായിരിക്കും. ഈലുകളുടെ മുതുകിലെയും വാലിലെയും ചിറകുകൾ ഒന്നിച്ചുചേർന്ന് ഒരു റിബൺ പോലെ കാണപ്പെടുന്നു. ഇതാണ് വെള്ളത്തിലൂടെ അനായാസം നീന്താൻ സഹായിക്കുന്നത്.
ഇനി അമേരിക്കൻ-യൂറോപ്യൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഈലുകളുടെ യാത്ര പരിചയപ്പെടാം. അറ്റ്ലാന്റിക് സമുദ്രത്തിലെ സർഗാസോ കടലിലാണ് ഈ ഈലുകൾ ജനിക്കുന്നത്. കുഞ്ഞു ഈലുകൾ ജനിക്കുമ്പോൾ ജെല്ലി റിബണുകൾ പോലെയാണുണ്ടാവുക. ഈ കുഞ്ഞുങ്ങൾ സമുദ്ര പ്രവാഹങ്ങളിൽ മാസങ്ങളോളം സഞ്ചരിക്കും. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള നദികളിലേക്കും തടാകങ്ങളിലേക്കും ഒഴുകും. ഈലുകൾ വർഷങ്ങളോളം നദികളിലാണ് വളരുന്നത്. അവ മുതിർന്നവരാകുമ്പോൾ ഒരദ്‌ഭുതം സംഭവിക്കുന്നു. തിരികെ സർഗാസോ കടലിലേക്ക് മടങ്ങാനുള്ള സിഗ്നൽ അവർക്ക് ലഭിക്കും. ഭൂപടമോ ജിപിഎസോ ഇല്ലാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ വെള്ളത്തിലൂടെ സഞ്ചരിച്ച് അവ തിരികെയെത്തുന്നു. സർഗാസോ കടലിൽ എത്തിക്കഴിഞ്ഞാൽ, അവ മുട്ടയിടുന്നു, തുടർന്ന് പുതിയ ഈൽ കുഞ്ഞുങ്ങളുമായി അവയുടെ ജീവിതചക്രം വീണ്ടും ആരംഭിക്കുന്നു! വഴി തെറ്റാതെ ഇത്രയും ദൂരം ഇവ എങ്ങനെ സഞ്ചരിക്കുന്നു എന്നത് ഇന്നും രഹസ്യമാണ്.
 

To advertise here,