പലപ്പോഴും നമ്മളാ കാഴ്ച കണ്ടിട്ടുണ്ട്. നായയെ കണ്ട പൂച്ച വാണംവിട്ടപോലെ ഓടി പുരപ്പുറത്തോ മരത്തിലോ കയറുന്നതും നായ താഴേനിന്ന് കുരച്ചുമതിയാവുമ്പോൾ മടങ്ങിപ്പോകുന്നതും! എന്നാൽ, പൂച്ചയെ അങ്ങനെ കൊച്ചാക്കാൻ പറ്റുമോ? ഇടയ്ക്ക് വില്ലുപോലെ ശരീരം വളച്ച്, കൂർത്ത നഖം നീട്ടി നായയുടെ മുഖമടച്ച് ഒന്നു കൊടുക്കുന്ന പൂച്ചകളുമുണ്ട്. ഇതിനൊക്കെ വിപരീതമായി മീശയെയും എലുമ്പനെയും പോലെ കട്ട ചങ്ക്‌സായി നടക്കുന്ന പൂച്ചയും നായയും ഇടയ്ക്ക് വാർത്തകളിൽ നിറഞ്ഞും കാണാം. ഇതാ, ചില പൂച്ച-നായ വിശേഷങ്ങൾ.
പൂച്ചയുറക്കം ബെസ്റ്റാ!
പൂച്ചയും നായയും പകലും രാത്രിയും ഉറങ്ങുമെങ്കിലും പൂച്ചകളാണത്രേ കൂടുതൽ സമയം ഉറങ്ങുന്നത്. പൂച്ച ഒരുദിവസം ഏകദേശം 18 മണിക്കൂർ ഉറങ്ങുമ്പോൾ നായ ഉറങ്ങുന്നത് 12 മണിക്കൂറാണ്. കുറച്ചുസമയം ഉറങ്ങുന്നവരെയും പെട്ടെന്ന് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നവരെയും നമ്മൾ പൂച്ചയുറക്കക്കാരെന്ന് പറഞ്ഞ് കളിയാക്കാറുണ്ടല്ലോ. എന്നാൽ, ഇപ്പോൾ മനസ്സിലായില്ലേ, പൂച്ചയുറക്കം അത്ര കുറവല്ലെന്ന്!
സ്പോർട്‌സ് ഡോഗ് സ്പിരിറ്റ്!
പൂച്ചകൾ മരത്തിലും വീടിന്റെ മുകളിലുമെല്ലാം അനായാസം കയറുകയും ഒരു പോറലുമേൽക്കാതെ താഴേക്ക് ചാടുകയും ചെയ്യും. എങ്ങനെ വീണാലും പൂച്ച നാലുകാലിൽത്തന്നെ എന്നൊരു ചൊല്ലുതന്നെയുണ്ടല്ലോ. നായ്ക്കളുടെ കഴിവ് ഓട്ടത്തിലും ചാട്ടത്തിലും നീന്തലിലുമെല്ലാമാണ്. പരിശീലനം നൽകി വളർത്തിയെടുത്ത് ഈ കഴിവുകൾ നമ്മൾ പല മേഖലകളിലും ഉപയോഗിക്കാറുണ്ട്.
നമ്മുടെ കൂടെ ഒരു ജോഗിങ്ങിനോ റണ്ണിങ് റേസിനോ നായകൾ കൂട്ടുവന്നെന്നിരിക്കും. എന്നാൽ, പൂച്ചകളെ ആ കാര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. സ്വന്തം ആവശ്യങ്ങൾക്കേ പൂച്ച സ്പോർട്‌സ്‌ക്യാറ്റ് സ്പിരിറ്റ് പുറത്തെടുക്കാറുള്ളൂവെന്ന് ചുരുക്കം. അവരെ പരിശീലനത്തിനൊന്നും കിട്ടാൻ പോവുന്നില്ല!
മിസ്റ്റർക്ലീൻ മാർജാരൻ!
''പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച
പാലുവെച്ച പാത്രം വൃത്തിയാക്കിവെച്ചു!''
പ്രശസ്തകവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിവ. പൂച്ചയ്ക്ക് ഇത്ര വൃത്തിയൊക്കെയുണ്ടോ എന്നാണോ? എന്നാൽ കേട്ടോളൂ, ഉള്ള സമയത്തിന്റെ പകുതിയും പൂച്ചകൾ ശരീരം നക്കിത്തുടച്ച് വൃത്തിയാക്കുകയാണ് പതിവ്. സാൻഡ്‌പേപ്പർ പോലെ ഉരസാൻ കഴിവുള്ള നാവുകളാണ് പൂച്ചകളുടേത്. ഇത് ശരീരത്തിലെ അഴുക്ക് ഇളക്കാൻ ഇവയെ സഹായിക്കുന്നു. നായകൾ ശരീരം നക്കിത്തുടയ്ക്കുമെങ്കിലും പൂച്ചകളുടെയത്ര വരില്ല. വൃത്തിയുടെ കാര്യത്തിൽ പൂച്ചതന്നെയാണ് മിസ്റ്റർ ക്ലീൻ!
ശുനകക്കോട്ടൈ വാൽബലൻ!
പൂച്ചകളും നായകളും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാൽ പലതരത്തിൽ ആട്ടാറുണ്ടെന്നറിയാമല്ലോ. ഉദാഹരണമായി, വാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്ന പൂച്ച ഇരയുടെമേൽ ചാടിവീഴാൻ സന്നദ്ധനായിരിക്കയാവും. വശങ്ങളിലേക്ക് വാലാട്ടുന്ന നായ തന്റെ സ്നേഹമാണ് കാണിക്കുന്നത്. എന്തൊക്കെയായാലും പൂച്ചയെ അപേക്ഷിച്ച് നായ്ക്കളാണ് വാലുപയോഗിച്ച് കൂടുതൽ കാര്യങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നത്.
ബന്ധുക്കൾ പ്രമുഖർ!
ചെന്നായ്ക്കൾ, കുറുക്കൻമാർ എന്നീ ബന്ധുക്കളൊക്കെ നായകൾക്കുണ്ടെങ്കിലും മൃഗലോകത്തെ പേരുകേട്ട പ്രമുഖരെല്ലാം പൂച്ചയുടെ ബന്ധുക്കളാണ്. കടുവ, പുലി, സിംഹം എന്നിവരെല്ലാം ഇതിൽപ്പെടും!
ഗ്യാങ്സ്റ്ററോ മോൺസ്റ്ററോ?
പൂച്ചകളും നായകളും മാംസഭുക്കുകളാണ്. എന്നാൽ, കാട്ടിൽ കൂടുതലായി ഇരയെ വേട്ടയാടിപ്പിടിച്ച് ഭക്ഷണമാക്കുന്നത് പൂച്ചകളാണെന്ന് പറയേണ്ടിവരും. നായ്ക്കൾ കൂട്ടത്തോടെ നടക്കാൻ ഇഷ്ടപ്പെടുന്നവരും കൂട്ടമായി വേട്ടയാടുന്നവരുമാണെങ്കിൽ പൂച്ചകൾ ഒറ്റയ്ക്കാണ് നടപ്പും വേട്ടയാടലുമെല്ലാം. നായ്ക്കളെ അപേക്ഷിച്ച് അഞ്ചുമടങ്ങ് പ്രോട്ടീൻ അധികം വേണം പൂച്ചകൾക്ക്. നായ്ക്കൾ കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും കുറച്ച് പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് അഡ്ജസ്റ്റ് ചെയ്യും. എന്നാൽ, പൂച്ചകൾക്കെപ്പോഴും മാംസവും മത്സ്യവും ചെറുജീവികളും ഡയറ്റിലുൾപ്പെടുന്നതാണ് താത്പര്യം!
മണംപിടിത്തത്തിൽ പുലി!
മണംപിടിത്തത്തിൽ പൂച്ചകളെയും നായ്ക്കളെയും താരതമ്യംചെയ്താൽ നായ്ക്കൾതന്നെയാണ് ഫസ്റ്റ് പ്രൈസ് നേടുക. നായ്ക്കളുടെ മൂക്കിൽ 220 മില്ല്യൺ വാസനാഗ്രാഹികളുണ്ട്. ഇത് പൂച്ചയുടെതിനെക്കാൾ രണ്ടിരട്ടിയാണ്.
Content Highlights: Discover the fascinating differences between cats and dogs
Published: 09 May 2026, 02:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented