സുഹൃത്തുക്കളോ ബന്ധുക്കളോ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തിന്റെ വേര്‍പാടില്‍ സങ്കടപ്പെടുകയാണെങ്കില്, അത് കേവലം ഒരു ചെറിയ സങ്കടമായി കണ്ട് തള്ളിക്കളയരുത്.

പ്രിയപ്പെട്ട വളർത്തുമൃഗത്തിന്റെ വേർപാടിൽ മനസ്സുലഞ്ഞുപോയവരുടെ അനുഭവങ്ങൾ നാം കേൾക്കാറുണ്ട്. പക്ഷേ, അവരുടെ വികാരത്തെ നാം അഭിസംബോധന ചെയ്യുന്നത്, അതൊരു നായയല്ലേ, അല്ലെങ്കിൽ പൂച്ചയല്ലേ..മറ്റൊന്നിനെ വാങ്ങിയാൽ പോരേ എന്ന ചോദ്യത്തോടെയായിരിക്കും. അവരുടെ നഷ്ടം മറ്റുള്ളവർക്ക് പലപ്പോഴും നിസ്സാരമായിരിക്കും. എന്നാൽ, ഒരു കുടുംബാംഗത്തിന്റെയോ അടുത്ത ബന്ധുവിന്റെയോ വേർപാടിൽ മനുഷ്യനുണ്ടാകുന്ന അതേ ആഴത്തിലുള്ള മാനസിക-ശാരീരിക ആഘാതമാണ് വളർത്തുമൃഗങ്ങൾ മരണപ്പെടുമ്പോഴും ഉണ്ടാകുന്നതെന്ന് ശാസ്ത്രീയ തെളിവുകൾ സഹിതം വ്യക്തമാക്കുകയാണ് പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ബി.എം.സി ജെറിയാട്രിക്സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്.
പ്രായമായ സ്ത്രീകളിൽ വളർത്തുമൃഗങ്ങളുടെ വേർപാട് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷകർ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. അവരെ സംബന്ധിച്ചിടത്തോളം രാവിലെ എഴുന്നേൽക്കുക, കൃത്യസമയത്ത് ഭക്ഷണം നൽകുക, നടക്കാൻ പോകുക, സംസാരിക്കുക തുടങ്ങി ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്ന പ്രധാന ഘടകമാണ് വളർത്തുമൃഗങ്ങളുടെ വേർപാടിലൂടെ ഇല്ലാതാകുന്നത്. വളർത്തുമൃഗങ്ങളുടെ മരണം സൃഷ്ടിക്കുന്ന കടുത്ത ഒറ്റപ്പെടൽ ഇവരിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കും വിഷാദരോഗത്തിനും കാരണമാകുന്നു.
മനഃശാസ്ത്രത്തിൽ ഈ ദുഃഖത്തെ ഡിസ്എൻഫ്രാഞ്ചൈസ്ഡ് ഗ്രീഫ് എന്നാണ് പറയുന്നത്. അതായത് ഒരു വ്യക്തി അനുഭവിക്കുന്ന വലിയ സങ്കടത്തെ ചുറ്റുമുള്ള സമൂഹമോ വീട്ടുകാരോ അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കാതിരിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അതൊരു മൃഗമല്ലേ എന്ന തരത്തിലുള്ള പ്രതികരണങ്ങൾ, സങ്കടപ്പെടുന്ന വ്യക്തിയിൽ തങ്ങൾക്ക് സങ്കടപ്പെടാൻ പോലും അവകാശമില്ലേ എന്ന തോന്നലുണ്ടാക്കുന്നു. ഇത് അവരെ കൂടുതൽ ഒറ്റപ്പെടലിലേക്കും സങ്കടത്തിൽ നിന്ന് കരകയറാൻ വൈകുന്ന അവസ്ഥയിലേക്കും തള്ളിവിടുന്നു.
മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യർ തമ്മിലുള്ള പ്രണയത്തിനോ വാത്സല്യത്തിനോ താഴെയല്ലെന്നാണ് തലച്ചോറിനെക്കുറിച്ചുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ഒരു അമ്മ സ്വന്തം കുഞ്ഞിന്റെ ചിത്രം കാണുമ്പോൾ തലച്ചോറിൽ ഉണരുന്ന അതേ അറ്റാച്ച്മെന്റ് ന്യൂറോ സർക്യൂട്ടുകൾ തന്നെയാണ്, ഒരാൾ താൻ ജീവന് തുല്യം സ്‌നേഹിച്ച നായയുടെയോ പൂച്ചയുടെയോ ചിത്രം കാണുമ്പോഴും പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ വൈകാരിക വ്യവസ്ഥ എതിരെയുള്ള ജീവി ഏതാണെന്നല്ല നോക്കുന്നത്, മറിച്ച് അവർ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആഴമാണ് കണക്കിലെടുക്കുന്നത്.
അതുകൊണ്ട് സുഹൃത്തുക്കളോ ബന്ധുക്കളോ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിന്റെ വേർപാടിൽ സങ്കടപ്പെടുകയാണെങ്കിൽ, അത് കേവലം ഒരു ചെറിയ സങ്കടമായി കണ്ട് തള്ളിക്കളയരുത്.
അതൊരു വെറും നായയായിരുന്നു' എന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക, അവരുടെ സങ്കടത്തിൽ പങ്കുചേരുക. മറ്റുള്ളവർക്ക് അത് വെറുമൊരു മൃഗമായിരിക്കാം; എന്നാൽ ആ വ്യക്തിക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരന്റെ വേർപാടാണ്. അത്തരം സങ്കടങ്ങളെ പരിഹസിക്കാതെ ചേർത്തുപിടിക്കുകയാണ് വേണ്ടത്.
Content Highlights: Losing pets can cause deep emotional and physical distress, similar to losing a family member, as highlighted by scientific studies.
Published: 22 Sept 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented