''നാലു വയസ്സേ ആയിട്ടുള്ളൂ. അവൻ തനിയേ യൂട്യൂബ് എടുത്ത് വീഡിയോ കാണും!'',
ശ്വേത മകനെക്കുറിച്ച് പറയാൻ തുടങ്ങി. തീർന്നില്ല മൂത്തമകൾ നിത്യയെക്കുറിച്ചും ഉണ്ട് ഏറെ പറയാൻ. പാട്ടിലും ഡാൻസിലും എല്ലാം പ്രത്യേക കഴിവ് അവൾക്കുണ്ടെന്നാണ് ശ്വേത കൂടെക്കൂടെ പറയാറ്. എന്നാൽ ഇത്തരം അമിതപ്രശംസകളും പ്രതീക്ഷകളും കുട്ടികളെ ഏതു തരത്തിൽ ബാധിക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല.
പുതിയ കാലത്ത് മിക്ക കുട്ടികളുടെയും ബുദ്ധിനിലവാരം വളരെ ഉയർന്നതാണ്. അതു തിരിച്ചറിയാതെ സ്വന്തം കുട്ടി പ്രത്യേക കഴിവുള്ളവനാണെന്ന് ചിന്തിച്ചുകൂട്ടുന്നതിൽ കാര്യമില്ല.
ഇനി ചിലപ്പോൾ അത് സത്യമാണെങ്കിൽകൂടി നമ്മൾ വെച്ചു പുലർത്തുന്ന അമിതപ്രതീക്ഷ ഒട്ടും നല്ലതല്ല. വളരുന്നതിനനുസരിച്ച് കുട്ടിയുടെ സ്വഭാവത്തിലും അഭിരുചിയിലുമെല്ലാം വ്യത്യാസം വന്നെന്നു വരാം.
സമപ്രായത്തിലുള്ള മറ്റുകുട്ടികളെപ്പോലെ തന്നെയാവും പലപ്പോഴും അവർ പാട്ടുപാടുന്നതും നൃത്തംചെയ്യുന്നതും. അതുകണ്ട് ഉടനെ പാട്ട് പഠിക്കാൻ ചേർത്താൽ അവർക്കതിൽ വിജയിക്കാൻ കഴിഞ്ഞെന്നു വരില്ല.
സ്വന്തം ഇഷ്ടാനിഷ്ടങ്ങളും കഴിവുകളും രൂപപ്പെടാൻ അവർക്ക് സമയം കൊടുക്കുക.
മാത്രമല്ല കുട്ടികളുടെ മുന്നിൽവെച്ചു നടത്തുന്ന അമിതപ്രശംസ അവരെ അഹങ്കാരികളാക്കും. ഭാവിയിൽ മറ്റാരെങ്കിലും അവരുടെ കുറവുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നും വരില്ല.
മൊബൈൽ ഉപയോഗിക്കാൻ താൻ മിടുക്കനാണെന്ന് കേൾക്കുന്ന കുട്ടി ആ അഭിനന്ദനം നിലനിർത്താൻ കൂടുതൽ സമയം മൊബൈലുമായി ചെലവഴിച്ചെന്നും വരാം. അരുതുകൾ ആവശ്യത്തിന് പ്രയോഗിക്കാൻ മടിക്കേണ്ട.
എന്നുവെച്ച് പ്രോത്സാഹനവും അഭിനന്ദനവും വേണ്ടെന്നല്ല. എന്തും ആവശ്യത്തിന് മതി.
Content Highlights: Excessive praise can lead to arrogance and difficulty handling criticism
Published: 15 May 2026, 11:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented