ഇലച്ചാർത്തുകൾക്കിടയിലൂടെ വെയിൽത്തുണ്ടുകൾ അരിച്ചിറങ്ങുന്ന ഒരു ഉച്ചനേരത്താണ് അത് സംഭവിച്ചത്.

To advertise here,

പൂപ്പാറക്കാട്ടിലെ കുഞ്ഞു കാട്ടാടിൻകുട്ടി ആയിരുന്നു മീനു. കുഞ്ഞു കൊമ്പുകളുള്ള തലയും കുലുക്കി ചന്തത്തിൽ തുള്ളിച്ചാടി നടക്കുകയായിരുന്നു അവൾ. അവളുടെ തുണിസഞ്ചിയിൽ നല്ല മധുരമുള്ള അഞ്ചാറ് റോസ് ആപ്പിളുകൾ ഉണ്ടായിരുന്നു. കാട്ടിലെ ഏറ്റവും രുചിയുള്ള മരത്തിൽ നിന്ന് ആരും കാണാതെ അവൾ പറിച്ചെടുത്തതാണ് അത്.

വഴിയിലെ വലിയ പാറപ്പുറത്ത് വെയിൽ കായുകയായിരുന്നു ചങ്കരൻ ഉടുമ്പും കല്ലു മലയണ്ണാനും. ആപ്പിളിന്റെ മണമടിച്ചപ്പോൾ തന്നെ കല്ലുവിന്റെ വാല് ആവേശത്തോടെ പിടച്ചു. 'മീനു... ആ തുണിസഞ്ചിയിൽ എന്താ? നല്ല മണം വരുന്നുണ്ടല്ലോ! ഒരെണ്ണം എനിക്കും തരുമോ?' അണ്ണാൻ ചോദിച്ചു.

ചങ്കരൻ ഉടുമ്പ് നാക്ക് നീട്ടി പതുക്കെ പറഞ്ഞു: 'ആഹാ, റോസ് ആപ്പിൾ! എനിക്കും ഒരു കഷണം തരൂ മീനു.'

'ഹേയ്... ഇത് ഞാൻ കഷ്ടപ്പെട്ട് പറിച്ചതാണ്. ആർക്കും തരില്ല!' മീനു സഞ്ചി മാറോട് ചേർത്തുപിടിച്ച് ഒറ്റ ഓട്ടം വെച്ചുകൊടുത്തു.

ഓട്ടത്തിനിടയിൽ അവൾ വനത്തിലെ ചെളി നിറഞ്ഞ ചതുപ്പുനിലത്തിന്റെ കാര്യം മറന്നുപോയി! കാൽ തെറ്റി അവൾ ആഴമുള്ള ചെളിയിലേക്ക് താഴാൻ തുടങ്ങി. 'അയ്യോ! രക്ഷിക്കണേ... ' മീനു ഭയന്ന് നിലവിളിച്ചു.

നിലവിളി കേട്ട് അങ്ങോട്ടേക്ക് ഓടിയെത്തിയത് കല്ലുവും ചങ്കരനുമായിരുന്നു. ചങ്കരൻ ഉടുമ്പ് തന്റെ നീളമുള്ള ശക്തമായ വാല് ചെളിയിലേക്ക് നീട്ടിക്കൊടുത്തു. കല്ലു അണ്ണാൻ മരക്കൊമ്പിൽ തൂങ്ങിനിന്ന് മീനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. രണ്ടുപേരും ചേർന്ന് സർവ്വശക്തിയുമെടുത്ത് അവളെ കരയിലേക്ക് വലിച്ചുകയറ്റി.

കരയിലെത്തിയ മീനു കിതച്ചുകൊണ്ട് നിലത്തിരുന്നു. സങ്കടത്തോടെ അവൾ തുണിസഞ്ചിയിലേക്ക് നോക്കി. ആപ്പിളുകളെല്ലാം വെള്ളത്തിൽ പോയിരുന്നു...

''സോറി കേട്ടോ. ഞാൻ നേരത്തെ നിങ്ങളോട് മോശമായി പെരുമാറി. എന്നിട്ടും നിങ്ങളെന്നെ രക്ഷിച്ചില്ലേ? നിങ്ങൾക്ക് തരാൻ ഒന്നും എന്റെ കയ്യിലില്ല...'' മീനു വിതുമ്പി.

ചങ്കരൻ ഉടുമ്പ് പതുക്കെ ചിരിച്ചു: 'സാരമില്ല മീനു, നിനക്ക് അപകടമൊന്നും പറ്റിയില്ലല്ലോ, അതുമതി.'

പെട്ടെന്നാണ് കല്ലു അണ്ണാൻ പൊട്ടിച്ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് വിരൽ ചൂണ്ടിയത്. അതാ, വെള്ളം നിറയെ മീൻകുട്ടന്മാർ. അവർ വെള്ളത്തിൽ വീണ റോസ്ആപ്പിളുകൾ മീനുവിന് നീട്ടുകയാണ്!

''കരയണ്ട മീനൂ... ചതുപ്പിലേക്ക് ഈ ആപ്പിളുകൾ ഇടയ്ക്കിടെ വീഴാറുണ്ട്. ഇത് നിങ്ങൾ തന്നെ പങ്കിട്ട് കഴിച്ചോളൂ...'' ഒരു മിടുക്കൻ മീൻകുട്ടൻ മുന്നോട്ട് നീന്തിക്കൊണ്ട് പറഞ്ഞു.

അതുകേട്ട് മീനു കണ്ണുതുടച്ചുകൊണ്ട് ചിരിച്ചു. പിന്നീട് അവരെല്ലാം ആ റോസ്ആപ്പിളുകൾ സന്തോഷത്തോടെ പങ്കിട്ടു കഴിച്ചു.