പണ്ട് മറ്റുമൃഗങ്ങളെപ്പോലെ മനുഷ്യർക്കുമുണ്ടായിരുന്നു നല്ല സുന്ദരൻ വാലുകൾ. പല നിറങ്ങളിലുള്ള നീണ്ട രോമങ്ങൾ നിറഞ്ഞ മനുഷ്യന്റെ വാലുകണ്ട് മൃഗങ്ങൾ നോക്കിനിൽക്കും. എന്നിട്ടു പറയും :'''എന്തു ഭംഗിയാ അവരുടെ വാലുകാണാൻ.''
ചൂലിനുപകരം ഈ വാലുകൊണ്ടാണ് മനുഷ്യൻ അന്ന് വീടൊക്കെ അടിച്ചു വാരി വൃത്തിയാക്കിയത്. എന്നിട്ട് പൊടിതട്ടിക്കുടഞ്ഞ് വാൽ കൂടുതൽ സുന്ദരമാക്കി വെയ്ക്കുകയും ചെയ്യും.
അക്കാലത്ത് മേഹാൽ എന്ന ഗ്രാമത്തിന്റെ തലവൻ കാതിലു എന്നൊരാളായിരുന്നു. വെറും ഗ്രാമത്തലവൻ മാത്രമായിരുന്നില്ല, കാതിലു. ചിലമാന്ത്രികവിദ്യകളും കാതിലുവിന് അറിയാമായിരുന്നു. അങ്ങനെയിരിക്കെ എല്ലാ ഗ്രാമീണർക്കും ഒത്തുചേരാൻ ഒരിടം വേണമെന്ന് കാതിലുവിന് തോന്നി. ഒട്ടും താമസിച്ചില്ല, പിറ്റേന്ന് തന്നെ കാതിലു ഗ്രാമത്തിലെ ആൽമരത്തിനു ചുവട്ടിൽ കുറേ ഇരിപ്പിടങ്ങൾ ഒരുക്കിവെച്ചു. എല്ലാ വൈകുന്നേരങ്ങളിലും എല്ലാവരും ആൽമരത്തിനു ചുവട്ടിൽ വരണമെന്നും ഉത്തരവിറക്കി.
ഗ്രാമത്തലവന്റെ ഉത്തരവല്ലേ, വൈകുന്നേരം തന്നെ നാട്ടുകാരൊക്കെ തങ്ങളുടെ വാലൊക്കെ തുടച്ചുമിനുക്കി ആൽച്ചുവട്ടിലെത്തി. കാതിലുവാകട്ടെ നാട്ടുകാരുടെ തമാശയും വർത്തമാനവുമൊക്കെ കേട്ട് രസിച്ചു. ആളുകൾ പിന്നെയും പിന്നെയും അവിടേക്ക് വന്നു. അപ്പോഴാണ് ഒരു പ്രശ്‌നമുണ്ടായത്. ആളുകൂടിയതോടെ വാലുതടഞ്ഞ് അവർ തട്ടിത്തടഞ്ഞു വീഴാൻ തുടങ്ങി. ''ഹയ്യോ, എന്റെ വാലിൽ ചവിട്ടിയേ!'', എന്നുപറഞ്ഞ് പലരും കരച്ചിലായി. ചിലരാകട്ടെ വാലിൽ ചവിട്ടിയവനെ പിടിച്ച് തല്ലുകയും ചെയ്തു. ആകെ ബഹളം. ആദ്യമായല്ലേ, അവർ ഒരിടത്ത് ഒത്തുകൂടുന്നത്. ബഹളം കൂടിയപ്പോൾ കാതിലു എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞുവിട്ടു.
എന്തു ചെയ്യും? ഇങ്ങനെ പോയാൽ കാര്യം നടക്കുന്ന മട്ടില്ല. കാതിലു കുറേ നേരം ആലോചിച്ചു. എന്നിട്ട് പുതിയ ഒരു ഉത്തരവിട്ടു: ''നാളെമുതൽ എല്ലാവരും വാൽ ചുരുട്ടിക്കെട്ടിവെച്ചിട്ടുവേണം ആൽമരത്തിന്റെ ചുവട്ടിലെത്താൻ.'''
അല്പം ദേഷ്യം തോന്നിയെങ്കിലും ഗ്രാമത്തിലുള്ളവർ പിറ്റേന്നു മുതൽ കാട്ടുവള്ളികൾ കൊണ്ട് വാലുകെട്ടിവച്ച് ആൽമരച്ചുവട്ടിലെത്തി. അപ്പോഴോ, കെട്ടിവെച്ച വാലുകാണാൻ ഒരു ഭംഗിയുമില്ലെന്ന് അവർ പരസ്പരം പറഞ്ഞു. ചിലർക്ക് ഇതുകേട്ട് ദേഷ്യം വന്നു. ''എന്റെ വാലു കാണാൻ ഭംഗിയില്ലെങ്കിൽ നിന്റെ വാലും കാണാൻ ഒട്ടും ഭംഗിയില്ല.'', എന്നും പറഞ്ഞ് അവർ തമ്മിൽത്തല്ലായി. അന്നും കാതിലുവിന് എല്ലാവരെയും വീട്ടിലേക്ക് മടക്കി അയക്കേണ്ടിവന്നു.
അന്നു രാത്രിമുഴുവൻ തലപുകഞ്ഞ് ആലോചിച്ച് കാതിലു ഒരു ഉപായം കണ്ടെത്തി. പിറ്റേന്നു വൈകുന്നേരം എല്ലാവരും ആലിൻചുവട്ടിൽ ഒത്തുചേർന്നപ്പോൾ കാതിലു പറഞ്ഞു: ''ഇനിമുതൽ നമുക്ക് വാലുവേണ്ട. എല്ലാവരും അവരവരുടെ വാൽ അഴിച്ചെടുത്ത് ആ കാണുന്ന കുഴിയിൽ കൊണ്ടു ചെന്നിടണം.''
''ങേ, വാൽ അഴിച്ചെടുക്കുകയോ? അതെങ്ങനെ?'', എല്ലാവരും അമ്പരന്നു. അപ്പോൾ കാതിലു ഒരു മന്ത്രം ചൊല്ലി. മന്ത്രം ചൊല്ലിക്കഴിഞ്ഞതും ഗ്രാമവാസികളുടെ വാലുകൾ അതാ കിടക്കുന്നു നിലത്ത്. ഭംഗിയുള്ള വാൽ പോയതോടെ എല്ലാവരും നിലവിളി തുടങ്ങി. ഗ്രാമത്തലവന്റെ ഉത്തരവല്ലേ, വാൽ തിരിച്ചു പിടിപ്പിക്കണമെന്നു പറയാൻ ആർക്കും ധൈര്യം വന്നതുമില്ല. അപ്പോൾ ഒരു വല്ല്യമ്മ ചോദിച്ചു: ''ഹയ്യോ, വാലു പോയാലും സാരമില്ല. ഇനി ഞങ്ങളെങ്ങനെ വീട് അടിച്ചുവാരി വൃത്തിയാക്കും?''
''അതിനു മാർഗമുണ്ട്. എല്ലാവരും വീണുകിടക്കുന്ന വാലെടുത്ത് ആ കുഴിയിൽ കൊണ്ടു ചെന്നിടൂ'', കാതിലു പറഞ്ഞു. ഉള്ളിൽ ദേഷ്യമുണ്ടായെങ്കിലും അവർ ഒന്നും മിണ്ടാതെ ഗ്രാമമുഖ്യൻ പറഞ്ഞത് അനുസരിച്ചു. അവർ വാൽ കുഴിയിൽ കൊണ്ടിട്ടതും അതിൽ നിന്നും ഒരു പ്രത്യേകതരം പുല്ലു മുളച്ചുവന്നു. ''ഇനി ഈ പുല്ല് മുറിച്ചെടുത് കൂട്ടിക്കെട്ടിയാൽ നിലമടിച്ചുവാരാം''
കാതിലു പറഞ്ഞു. മനുഷ്യന് വാലില്ലാതെയായതും ചൂലുണ്ടായതും അന്നുമുതലാണെന്നാണ് ഒഡിഷക്കാരുടെ വിശ്വാസം.
Published: 17 Sept 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented