പണ്ഡിതനായ ഉപഗുപ്തൻ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമാതിർത്തിയിലെ ആൽത്തറയിലിരിക്കുകയായിരുന്നു. ആൽത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത്.
അതുവഴിവന്ന ഒരു യാത്രക്കാരൻ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു: ''സ്വാമീ, ഞാൻ ദൂരെ ഒരുസ്ഥലത്തുനിന്നും വരികയാണ്. എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത്. അവിടെയുള്ളവരുടെ സ്വഭാവം എങ്ങനെയാ?''
ഇതുകേട്ട് ഉപഗുപ്തൻ തിരിച്ചൊരു ചോദ്യം ചോദിച്ചു: ''താങ്കളുടെ നാട്ടിൽ എങ്ങനെയുള്ള സ്വഭാവക്കാരാണുള്ളത്?''
''എന്റെ നാട്ടിലുള്ളവരെല്ലാം മഹാമോശം സ്വഭാവക്കാരാ. സ്വാർഥരും ദുഷ്ടന്മാരും!'', അയാൾ നെറ്റിചുളിച്ചുകൊണ്ട് പറഞ്ഞു.
ഇതുകേട്ട് ഉപഗുപ്തൻ പറഞ്ഞു: ''നിങ്ങളുടെ നാട്ടിലുള്ളവരേപ്പോലുള്ളവരാ അടുത്ത പട്ടണത്തിലും.'' ഇതുകേട്ട് അയാൾ യാത്ര തുടർന്നു.
അല്പം കഴിഞ്ഞപ്പോൾ മറ്റൊരു യാത്രക്കാരൻ വന്ന് ഉപഗുപ്തനോട് ചോദിച്ചു: ''സ്വാമീ, ഞാൻ അടുത്ത പട്ടണത്തിലേക്ക് പോവുകയാ. അവിടുള്ളവർ എന്തുസ്വഭാവക്കാരാണ്?''
''നിങ്ങളുടെ നാട്ടിലുള്ളവർ എത്തരക്കാരാണ്?'', ഉപഗുപ്തൻ തിരിച്ച് ചോദിച്ചു.
''ഞങ്ങളുടെ നാട്ടിലുള്ളവർ നല്ല മനുഷ്യരാ. എല്ലാവരേയും സ്‌നേഹിക്കുന്നവർ!'', അയാൾ പറഞ്ഞു.
''എങ്കിൽ നിങ്ങളുടെ നാട്ടിലുള്ളവരെപ്പോലെ ഉള്ളവരാണ് ആ പട്ടണത്തിലുള്ളവരും!'', ഉപഗുപ്തൻ പറഞ്ഞു.
അയാൾ സന്തോഷത്തോടെ യാത്രതുടർന്നു.
ഇതെല്ലാം കേട്ടിരുന്ന ശിഷ്യന്മാർ ചോദിച്ചു: ''സ്വാമീ, അങ്ങ് രണ്ട് പേരോടും രണ്ട് മറുപടിയാണല്ലോ പറഞ്ഞത്. എന്താ അങ്ങനെ?''
ഗുരു ഒന്ന് പുഞ്ചിരിച്ചു:''ആദ്യത്തെയാൾ എല്ലാവരേയും ദുഷ്ടന്മാരും സ്വാർഥരുമായാണ് കാണുന്നത്. രണ്ടാമത്തെയാൾക്ക് എല്ലാവരിലേയും നന്മകാണാനുള്ള കഴിവുണ്ട്. നമ്മൾ മറ്റുള്ളവരെ എന്ത് സ്വഭാവം വച്ച് തിരയുന്നുവോ അതുപോലുള്ള ആൾക്കാരെയായിരിക്കും നമുക്കു കിട്ടുക. നല്ല ആൾക്കാരെ പ്രതീക്ഷിച്ചാൽ നല്ലവരെ കിട്ടും. മോശം ആൾക്കാരെയാണ് തേടുന്നതെങ്കിൽ അങ്ങനെയുള്ളവരെയും കിട്ടും.''
ഗുരു പറഞ്ഞത് ശരിയാണെന്ന് ശിഷ്യന്മാർക്ക് മനസ്സിലായി.

To advertise here,