തണുപ്പെന്നാലെന്തു പോലെ? തണുക്കുന്നുണ്ടല്ലോ,

To advertise here,

എവിടന്നു വന്നു തണുപ്പെവിടേക്ക് പോണൂ,

തണുപ്പെന്നാൽ കാറ്റിൻവിരൽ മുതുകത്തും മുകത്തും

കവിളിലും നെഞ്ചിലുമായ് ഒരു സ്‌നേഹത്തടവൽ!

തണുപ്പെന്നാലേസി, കാറിലതു നേർത്ത സുഗന്ധം,

മുറികളിൽ റിമോട്ടിന്റെ ചിറകിലെപ്പറത്തം,

തണുപ്പ,മ്മ കഥപറഞ്ഞുറക്കുന്ന സമയം,

തണുപ്പ,ച്ഛൻ തോളിലേറ്റിച്ചിരിക്കുന്ന ദിവസം,

ചില്ലുകൊണ്ട് വാതിലിട്ട ചെറുഷോപ്പിൽ വിളമ്പും

കല്ലുരുകും പോലെയുള്ള മധുരവും തണുപ്പ്.

ആടിയാടിയൂഞ്ഞാൽ മാനം തൊടുമ്പോഴും ഉയർന്നു,

പേടി കൊണ്ട് വിറച്ചാലും ചിരിക്കുന്ന തണുപ്പ്,

അനിയനെയടിച്ചാലും മിനിറ്റഞ്ച് കഴിഞ്ഞാ-

ലത് മറന്നവനൊപ്പം കളിക്കുമ്പോൾ തണുപ്പ്;

കളി കഴിഞ്ഞോടി വന്നു തിണ്ണമേലെയിരുന്നാൽ

തണുപ്പിന്നു ചിറകുണ്ട് വീശി വീശിത്തരുന്നൂ,

ഹോളിഡേയിൽ പുതപ്പിന്റെ കീഴിൽ വന്നു കിടക്കും

സൂര്യനൊരു തണുപ്പിന്റെ മഞ്ഞഗോളം പോലെ....

തണുപ്പിനെപ്പിടിക്കാൻ, ഓടിയോടിക്കളിക്കാൻ

വിളിച്ചാലും വരില്ലല്ലോ... താമസിപ്പതെവിടെ?