''ഹമ്പമ്പോ, എന്താണത്!'' രാവിലെ ഉറക്കമുണർന്നുവന്ന ജീവികൾ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകൾ ചേർന്നാലുള്ള ഉയരവും വലുപ്പവുമുണ്ട് അതിന്. ''എങ്ങനെയാണിത് ഇവിടെ എത്തിയത്,'' പലരും മുഖത്തോടുമുഖം നോക്കി. കൊടും തണുപ്പുള്ള അതിന്റെ അടുത്തേക്ക് പോകാനാവാതെ പലരും അകന്നുനിന്നു. എന്നാൽ സൂക്ഷിച്ചുനോക്കിയപ്പോൾ മഞ്ഞുമലയുടെ ഉള്ളിൽ എന്തോ തിളങ്ങുന്നു. അതൊരു നിധിയാണെന്ന് അവർക്ക് മനസ്സിലായി.

To advertise here,

അവിടെ ഒത്തുകൂടിയ മൃഗങ്ങളോടെല്ലാമായി സിംഹരാജാവ് പറഞ്ഞു: ''ഈ മഞ്ഞുമലയ്ക്കുള്ളിൽ ഒരു നിധിയിരിപ്പുണ്ട്. അത് എടുക്കുന്നയാളായിരിക്കും എനിക്കുശേഷം ഈ കാട്ടിലെ രാജാവ്.''

ഇതുകേട്ടതും മൃഗങ്ങളെല്ലാവരും തണുപ്പ് വകവെയ്ക്കാതെ മഞ്ഞുമലയ്ക്കടുത്തേക്ക് പാഞ്ഞെത്തി. ആദ്യം വന്ന ആന തന്റെ കൂർത്ത കൊമ്പുകൊണ്ട് മഞ്ഞുമലയിൽ ആഞ്ഞുകുത്തി. ആനയുടെ കൊമ്പൊടിഞ്ഞുവെന്നല്ലാതെ മഞ്ഞുമലയ്ക്ക് ഒന്നും സംഭവിച്ചില്ല. അടുത്തതായി വന്നത് ഗൊറില്ലയായിരുന്നു. അവൻ മുഷ്ടിചുരുട്ടി മലയിൽ ഒറ്റയിടി. കൈവേദനിച്ചതോടെ ''ഹ്ങീീീീ'' എന്ന് കരഞ്ഞുകൊണ്ട് അവൻ ഓടിപ്പോയി.

കടുവ വന്ന് തന്റെ കൂർത്ത നഖങ്ങൾകൊണ്ട് മഞ്ഞുമല മാന്തിക്കീറാൻ തുടങ്ങി. കറച്ചുനേരം മാന്തിയപ്പോഴേക്കും അവന്റെ കൈ മരവിച്ച് പിൻവാങ്ങി. ഇത് വെള്ളം ഉറഞ്ഞുണ്ടായതാണെന്ന് മാനുകൾക്ക് മനസ്സിലായി. അവർ മഞ്ഞുമല നക്കി വെള്ളം കുടിച്ചുവറ്റിച്ച് ആ നിധിയെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ കൊടുംതണുപ്പുള്ള വെള്ളം കുടിച്ച് അവരുടെ വയർ നിറഞ്ഞെന്നുമാത്രമല്ല വയറുവേദനയും പിടിപെട്ടു. അവരും തോറ്റുമടങ്ങി.

കുരങ്ങൻമാർ എന്തുചെയ്തെന്നോ, മഞ്ഞുമലയ്ക്ക് അടുത്തേക്കൊന്നും പോകാതെ, കല്ലും കായ്കളും എറിഞ്ഞ് മല തകർക്കാൻ ശ്രമിച്ചു. എന്നാൽ പല കല്ലുകളും ലക്ഷ്യംതെറ്റി മഞ്ഞുമലയുടെ അടുത്തുനിന്നവരുടെ മേലെയാണ് വീണത്. അതോടെ അവരെ എല്ലാവരും വഴക്കുപറഞ്ഞ് ഓടിച്ചു.

അങ്ങനെ വൈകുന്നേരമായി. മഞ്ഞുമലയുടെ കുറച്ചുഭാഗം മാത്രമേ ഉരുകിത്തീർന്നുള്ളൂ. ഇക്കണക്കിനാണെങ്കിൽ രണ്ടാഴ്ചയെങ്കിലും വേണം ഇത് ഉരുകിത്തീരാൻ. ജീവികളെല്ലാം നിരാശരായി മഞ്ഞുമലയിലേക്ക് നോക്കിനിന്നു.

അപ്പോഴാണ്, മലയുടെ ഉള്ളിൽ ചെറിയൊരു അനക്കം. ദേ, നിധി അനങ്ങുന്നു! എല്ലാവരും അദ്ഭുതത്തോടെ നോക്കി. അപ്പോഴാണ് അവർ അതിനകത്തുള്ള വീരനെ കണ്ടത്. അത് കാട്ടിലെ കീരിയായിരുന്നു. അവൻ പെട്ടെന്ന് മലയുടെ അടിയിലേക്ക് നൂണ്ടുപോയി. അല്പം കഴിഞ്ഞ് അവൻ കൈയിൽ നിധിയുമായി അതാ വരുന്നു. മഞ്ഞുമലയ്ക്ക് ഒരു കുഴപ്പവുമില്ല. എല്ലാവരും അവനുചുറ്റും കൂടി. ''ഇത് എങ്ങനെ സാധിച്ചു?'', അവർ ചോദിച്ചു.

അവൻ പറഞ്ഞു. ''ഒരു പ്രശ്നമുണ്ടാവുമ്പോൾ നേരിട്ട് അതിനോട് പൊരുതാൻ നിൽക്കരുത്. പകരം ആ പ്രശ്നം നന്നായി പഠിച്ച് അതിന് പരിഹാരം കാണണം. ഇത് ഉരുകിത്തീരാൻ ദിവസങ്ങളെടുക്കും. നമുക്കാണെങ്കിൽ ഇത് പൊട്ടിച്ചെടുക്കാനും പറ്റില്ല. അതു മനസ്സിലാക്കിയ ഞാൻ മലയുടെ കുറച്ചപ്പുറത്തുനിന്ന് ഇതിന്റെ അടിയിലേക്ക് ഒരു തുരങ്കമുണ്ടാക്കി. അങ്ങനെ മഞ്ഞുമലയുടെ അടിയിലെത്തി. അവിടെ ഞാൻ ചെറുതായി തീപിടിപ്പിച്ച് ചൂടാക്കി. മഞ്ഞുരുകി അതിനടിയിൽ ഒരു തുളവീണു. ആ തുളയിലൂടെ കയറി ഞാൻ നിധി എടുത്തു.''

കീരിയുടെ ബുദ്ധിയെ എല്ലാവരും അഭിനന്ദിച്ചു. അങ്ങനെ കാട്ടിലെ അടുത്ത രാജാവായി ബുദ്ധിമാനായ കീരിയെ തിരഞ്ഞെടുത്തു.