അമ്മൂമ്മയ്ക്ക് ധാരാളം ആടുകളും മാടുകളും ഉണ്ട്. അവയെ മേയ്ക്കാൻ ഒരാളെ തേടി നടക്കുകയായിരുന്നു അമ്മൂമ്മ. അപ്പോഴാണ് ഒരു കരടി അതിലെ വന്നത്.

To advertise here,

''എങ്ങോട്ടാ അമ്മൂമ്മേ?''

''ഒരു മേച്ചിൽക്കാരനെ തേടി ഇറങ്ങിയതാ.''

''ഞാൻ മതിയാവുമോ?''

''നീയോ?'' അമ്മൂമ്മ കരടിയെ അടിമുടി നോക്കി. ''നീ ആടുകളെ ഒന്ന് വിളിച്ചേ,കേൾക്കട്ടെ.''

''ഉഹ് ഉഹ് ...'', കരടി പ്രത്യേക ശബ്ദത്തിൽ മോങ്ങി.

''അയ്യയ്യേ, ഇത് പോര. നീ ശരിയാവില്ല.''

അമ്മൂമ്മ വീണ്ടും നടന്നു. അപ്പോൾ ഒരു കുറുക്കൻ എതിരെ വന്നു. അമ്മൂമ്മയ്ക്ക് മേച്ചിൽക്കാരനെ വേണമെന്ന് കേട്ടപ്പോൾ അവനും ഒരാഗ്രഹം തോന്നി.

''ഞാൻ മതിയാവുമോ?'', അവൻ ചോദിച്ചു.

''നീ ആടുകളെ വിളിക്കുന്നത് എങ്ങനെയാ? കേൾക്കട്ടെ!'', അമ്മൂമ്മ അവനോടും പറഞ്ഞു.

''ഡിൽ ഡാൽ ഹൊലോം...'', കുറുക്കൻ താളത്തിൽ വിളിച്ചു കൂവി.

അമ്മൂമ്മ പുഞ്ചിരിച്ചു: ''മതി. നീയാണിനി എന്റെ മേച്ചിൽക്കാരൻ. ഇപ്പോൾ തന്നെ ആടുമാടുകളെയും കൊണ്ട് പൊയ്‌ക്കോ. ഞാൻ ഒന്ന് വിശ്രമിക്കട്ടെ.''

സൂത്രക്കാരനും കൊതിയനും ആയിരുന്നു കുറുക്കൻ. അവൻ ആദ്യദിവസം അമ്മൂമ്മയുടെ ആടുകളെ മൊത്തം ശാപ്പിട്ടു. പിറ്റേന്ന് ചെമ്മരിയാടുകളുടെ പണി കഴിച്ചു. മൂന്നാമത്തെ ദിവസം പശുക്കളും കാലിയായി. കുറുക്കൻ അമ്മൂമ്മയുടെ വീട്ടിലേക്ക് ചെന്നു.

ആ നേരം അമ്മൂമ്മ തന്റെ വീട്ടുമുറ്റത്തിരുന്ന് തൈരുകടയുകയായിരുന്നു. കുറുക്കൻ ഒറ്റയ്ക്ക് വരുന്നത് കണ്ട അമ്മൂമ്മ ചോദിച്ചു: ''നീയെന്താണ് തനിയെ? എവിടെ എന്റെ ആടുമാടുകൾ?''

''എന്തുപറയാനാ അമ്മൂമ്മേ? അവയുടെ എല്ലുകളെല്ലാം പുഴയിൽ ഒലിച്ചു പോയി. വാലും രോമവുമേ ബാക്കിയുള്ളൂ...'', അവൻ കള്ളക്കണ്ണീരൊഴുക്കി.

അമ്മൂമ്മയ്ക്ക് ചതിയൻ കുറുക്കന്റെ സൂത്രം പിടികിട്ടി. അവർ ദുഃഖത്തോടെ തലയിൽ തല്ലി.

ആ നേരത്ത് കുറുക്കൻ അമ്മൂമ്മ കടഞ്ഞു വെച്ച വെണ്ണ കട്ടുതിന്നു. അതും കൂടിയായപ്പോൾ അമ്മൂമ്മയ്ക്ക് സഹിച്ചില്ല. ബാക്കിയുള്ള വെണ്ണ കൈയിലെടുത്ത് അമ്മൂമ്മ കലിയോടെ കുറുക്കനെ

എറിഞ്ഞു.

കുറുക്കൻ ഓടിമാറിയെങ്കിലും ആ വെണ്ണയുരുള കുറുക്കന്റെ വാലറ്റത്ത് ഒട്ടിപ്പിടിച്ചു. അന്ന് മുതലാണത്രെ കുറുക്കന്മാരുടെ വാലറ്റത്ത് ഒരു വെള്ള അടയാളം വന്നത്.