മുഖത്ത് തഴുകിപ്പോകുന്ന ഇളംകാറ്റ്... മരക്കൊമ്പുകളെ ഉലയ്ക്കുന്ന ശക്തമായ കാറ്റ്... പട്ടത്തെ ആകാശത്തേക്ക് ഉയർത്തുന്ന കാറ്റ്... എന്താണ് കാറ്റ്?

To advertise here,

ചലിക്കുന്ന വായുവാണ് കാറ്റ്: കാറ്റിനെ നമുക്ക് കാണാൻ കഴിയില്ല. പക്ഷേ അതിന്റെ സ്പർശം അറിയാം. കൈയിലൊന്ന് ഊതിക്കോളൂ. കൈയിൽ വായു തട്ടുന്നത് അനുഭവപ്പെടുന്നില്ലേ? അതുപോലെ, വലിയതോതിൽ വായു നീങ്ങുമ്പോഴാണ് കാറ്റുണ്ടാകുന്നത്.

കാറ്റിന്റെ പിന്നിലെ താരം ആര്: കാറ്റുണ്ടാക്കുന്നതിലെ മെയിൻ താരം സൂര്യനാണ്. സൂര്യന്റെ ചൂട് ഭൂമിയുടെ ഉപരിതലത്തെ ചൂടാക്കുന്നു. തുടർന്ന്, ഭൂമി അതിന് മുകളിലുള്ള വായുവിനെയും ചൂടാക്കും. ചൂടു വായുവിന് തണുത്ത വായുവിനെക്കാൾ ഭാരം കുറവാണ്. അതിനാൽ ചൂടായ വായു മുകളിലേക്ക് ഉയരും. അപ്പോൾ അവിടെ ഒഴിഞ്ഞ ഒരു ഇടം ഉണ്ടാകും. ആ സ്ഥലം നിറയ്ക്കാൻ ചുറ്റുമുള്ള തണുത്ത വായു വേഗത്തിൽ പാഞ്ഞ് എത്തും. ഇങ്ങനെ വായു ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നതാണ് കാറ്റ്. എന്നാൽ, ഭൂമിയിലെ എല്ലായിടവും സൂര്യൻ ഒരുപോലെ ചൂടാക്കുന്നില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളിൽ കാറ്റ് കൂടുതലായും ചിലയിടങ്ങളിൽ കുറവായും അനുഭവപ്പെടുന്നത്.

കടൽക്കരയിലെ മാജിക് : ചൂടുള്ള ദിവസം കടൽത്തീരത്തെ മണലിലൂടെ ചെരിപ്പില്ലാതെ നടന്നിട്ടുണ്ടോ? മണലിന് പൊള്ളുന്ന ചൂടായിരിക്കും. പക്ഷേ, കടൽവെള്ളം അത്ര ചൂടായിരിക്കില്ല.

കാരണം, വെള്ളത്തെക്കാൾ വേഗത്തിൽ മണൽ ചൂടാകുന്നു. മണലിന് മുകളിലുള്ള വായുവും പെട്ടെന്ന് ചൂടായി മുകളിലേക്ക് ഉയരും. അപ്പോൾ, കടലിന് മുകളിലുള്ള തണുത്ത വായു കരയിലേക്ക് ഒഴുകിയെത്തും. ഇതാണ് കടൽത്തീരത്ത് നമുക്ക് കിട്ടുന്ന സുഖമുള്ള കടൽക്കാറ്റ്. രാത്രിയിൽ കര വേഗത്തിൽ തണുക്കുമ്പോൾ കരയിൽനിന്ന് കടലിലേക്ക് കാറ്റ് വീശുന്നു. അതാണ് കരക്കാറ്റ്.

പറന്നു നടക്കും വിത്തുകൾ: മനുഷ്യർക്കുമാത്രമല്ല, ചെടികൾക്കും കാറ്റ് വലിയ സഹായിയാണ്. ഡാൻഡിലയൺപോലുള്ള ചെടികളുടെ കുഞ്ഞൻവിത്തുകൾക്ക് ചെറിയ പാരച്യൂട്ട് പോലുള്ള ഭാഗങ്ങളുണ്ട്. ഒരു ചെറുകാറ്റുമതി, അവ പറന്നുപോകാൻ! ദൂരെയെത്തി നിലത്തുവീഴുന്ന വിത്തുകളിൽനിന്ന് പുതിയ ചെടികൾ വളരും. മേപ്പിൾമരത്തിന്റെ വിത്തുകൾക്കാണെങ്കിൽ ചെറിയ ചിറകു പോലുള്ള ഭാഗമുണ്ട്. അവ കാറ്റിൽ കറങ്ങിക്കറങ്ങി പറക്കും. ടംബിൾവീഡ് പോലുള്ള ചില ചെടികൾ കാറ്റിൽ ഉരുണ്ടുനീങ്ങിക്കൊണ്ടുതന്നെ വഴിയിലുടനീളം വിത്തുകൾ വിതറും. നമ്മുടെ നാട്ടിലെ എരുക്കിന്റെ വിത്തുകൾക്കും പട്ടുപോലെ നേർത്ത രോമങ്ങളുണ്ട്. കായ പൊട്ടിയാൽ കാറ്റിനൊപ്പം അവ ദൂരത്തേക്ക് പറന്നുപോകും. അരളിയുടെ വിത്തുകൾക്കും മൃദുവായ രോമക്കുടയുണ്ട്. പഞ്ഞിമരത്തിന്റെ കായ പൊട്ടുമ്പോൾ പഞ്ഞിയോടൊപ്പം വിത്തുകളും പറക്കും. മഹാഗണി വിത്തുകൾക്കാകട്ടെ ചിറകുപോലുള്ള ഭാഗങ്ങളുണ്ട്. അവ കാറ്റിൽ ചുറ്റിത്തിരിഞ്ഞാണ് നിലത്തിറങ്ങുന്നത്.

ചിലന്തിയുടെ ബലൂണിങ് : കുഞ്ഞൻ ചിലന്തികൾക്കും കാറ്റിനെ ഉപയോഗിക്കാനറിയാം. അവ ശരീരത്തിൽനിന്ന് വളരെ നേർത്ത പട്ടുനൂൽ പുറത്തുവിടും. ആ നൂൽ കാറ്റിൽ ഉയർന്നാൽ ചിലന്തിയും അതിനൊപ്പം പറന്നുപോകും. ഇങ്ങനെ അവയ്ക്ക് വളരെ ദൂരത്തേക്ക് സഞ്ചരിക്കാം. ഈ യാത്രയെ 'ബലൂണിങ്' എന്നാണ് വിളിക്കുന്നത്.

പക്ഷികൾക്ക് ചിറകടിച്ചുപറക്കാൻ ധാരാളം ഊർജം വേണം. എന്നാൽ, ചില വലിയ പക്ഷികൾ ചിറകുകൾ വിരിച്ച് കാറ്റിന്റെ സഹായത്തോടെ ഗ്ലൈഡ്ചെയ്യാറുണ്ട്. അപ്പോൾ, അധികം ചിറകടിക്കാതെതന്നെ ഏറെ ദൂരം സഞ്ചരിക്കാൻകഴിയും.