ആയാസമില്ലാതെ പമ്പരം കറക്കാം: കൂട്ടുകാരെ ഇത്തവണ നമുക്ക് കടലാസുകൊണ്ട് ഒരു പമ്പരം ഉണ്ടാക്കാം. എല്ലാ പമ്പരങ്ങളും നമ്മൾ കറക്കണം. പക്ഷേ, ഈ പമ്പരം കറക്കാൻ നമ്മൾ ബലം പ്രയോഗിക്കേണ്ട. പകരം ഒരു മെഴുകുതിരി കത്തിച്ച് വെച്ചാൽ മതി.
നമുക്ക് പമ്പരം ഉണ്ടാക്കി നോക്കാം അല്ലേ?
വേണ്ട സാധനങ്ങൾ : ഇത്തിരി കട്ടിയുള്ള കടലാസ് (ചാർട്ട് പേപ്പർ പോലുള്ളവ), ഒരു പഴയ റീഫിൽ പേന, കത്രിക, മെഴുകുതിരിയും തീപ്പെട്ടിയും.
ആദ്യം കട്ടിയുള്ള ചാർട്ടിൽനിന്ന് രണ്ടര സെന്റീമീറ്റർ ആരമുള്ള ഒരു വൃത്തം വെട്ടിയെടുക്കുക. അതിനെ ചിത്രത്തിൽ കാണുന്നതുപോലെ മുറിച്ച് എടുത്തോളൂ. കടലാസ് പൂർണമായും മുറിഞ്ഞുപോവാതെ നോക്കണം. കടലാസ് വൃത്തത്തിന്റെ കേന്ദ്രം ഒരു കൂടാരംപോലെ മടക്കുക. ഈ കൂടാരത്തെ പേനയുടെ നിബ്ബിന് മുകളിൽ സ്ഥാപിക്കുക. പേനയ്ക്ക് ചുറ്റും ഈ കടലാസിന് സ്വതന്ത്രമായി കറങ്ങാൻ കഴിയണം. ഇനി മെഴുകുതിരി കത്തിച്ചുവെക്കുക. കടലാസിന് തീപിടിക്കാത്ത ഉയരത്തിൽ പേപ്പർ പമ്പരം വെച്ച പേന പിടിച്ചു നോക്കൂ. കടലാസ് പമ്പരം കറങ്ങുന്നില്ലേ?
എന്താണ് കടലാസ് പമ്പരം കറങ്ങാൻ കാരണം?
വായുവിന്റെ സംവഹന പ്രവാഹമാണ് കടലാസ് പമ്പരം കറങ്ങാൻ കാരണമാകുന്നത്. മെഴുകുതിരി കത്തുമ്പോൾ ജ്വാലയ്ക്ക് ചുറ്റുമുള്ള വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരും. ഈ വായുവിന്റെ ഒഴുക്കിലാണ് നമ്മുടെ കടലാസ് പമ്പരം നിൽക്കുന്നത്. അപ്പോൾ കടലാസ് പമ്പരം കറങ്ങാൻ തുടങ്ങും. ചൂടുപിടിച്ച വായു മുകളിലേക്കാണ് പോവുക. കാരണം ചൂടാവുമ്പോൾ വായുവിന്റെ സാന്ദ്രത കുറയും. സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരും.
നമ്മുടെ വീടുകളിൽ റൂമുകളുടെ മുകൾഭാഗത്ത് എയർഹോളുകൾ കൂട്ടുകാർ കണ്ടിട്ടില്ലേ?എന്തിനാണവ?
മുറിയിലെ ചൂടുപിടിച്ച വായു പുറത്തുപോകാനുള്ള സംവിധാനമാണിത്. വായുവിന്റെ ഈ സംവഹന പ്രവാഹം ആണ് കടൽക്കാറ്റിനും കരക്കാറ്റിനും ഒക്കെ കാരണമാകുന്നത്.
Content Highlights: Step-by-step guide to making a paper spinning top using simple household items.
Published: 19 Oct 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented