തോട്ടുവരമ്പിലെ അത്തിമരത്തിൽ ഒരു അമ്മത്തത്തയും കുഞ്ഞിത്തത്തയും താമസിച്ചിരുന്നു. കുഞ്ഞിത്തത്ത പറക്കാൻ പഠിച്ചുതുടങ്ങിയിട്ടേയുള്ളൂ. അമ്മത്തത്ത തീറ്റതേടാൻ പോകുമ്പോൾ കുഞ്ഞിത്തത്തയോട് പറയും:

To advertise here,

''കുഞ്ഞിത്തത്തേ കുഞ്ഞിത്തത്തേ

തത്തിത്തത്തി നടക്കരുതേ!

തത്തിത്തത്തി നടന്നാൽ നിന്നെ

വേടൻ വന്നു പിടികൂടും!''

പക്ഷേ, അമ്മത്തത്തയുടെ ഉപദേശമൊന്നും കുഞ്ഞിത്തത്ത അനുസരിക്കില്ല. അമ്മ പോയാൽ അവൾ അത്തിമരത്തിൽ തത്തിത്തത്തി നടക്കാൻതുടങ്ങും. ഒരുദിവസം വേടൻ മുത്തു അതിലേ വന്നു. അപ്പോൾ കുഞ്ഞിത്തത്ത അത്തിമരത്തിൽ തത്തിത്തത്തി നടക്കുന്നത് കണ്ടു.

''ഹയ്യടാ! ഇന്ന് ഈ തത്തയെ പിടികൂടാം!'', വേടൻമുത്തു വേഗം പാത്തും പതുങ്ങിയും അത്തിമരത്തിലേക്ക് കയറാൻതുടങ്ങി. 'അയ്യോ! വേടൻ മുത്തു തന്നെ ഇപ്പോൾ പിടികൂടും!' പേടിച്ചുവിറച്ച് കുഞ്ഞിത്തത്ത അത്തിമരത്തിലെ കൊമ്പുകൾതോറും പാറിനടന്നു. വേടൻ മുത്തുവും ആർത്തിയോടെ കുഞ്ഞിത്തത്തയെ പിൻതുടർന്നു. പെട്ടെന്ന് കുഞ്ഞിത്തത്ത ഉയരമുള്ള ഒരു കൊമ്പിലേക്ക് പറന്നു. വേടൻ മുത്തുവും അങ്ങോട്ട് കയറി. അപ്പോഴോ? 'പൊത്തോ!' എന്ന് കൊമ്പൊടിഞ്ഞ് വേടൻമുത്തു താഴെ വീണു. കുഞ്ഞിത്തത്ത പറന്ന് രക്ഷപ്പെടുകയും ചെയ്തു. പേടിച്ചു പോയ അവൾ അപ്പോഴേക്കും ഒരു പാഠം പഠിച്ചിരുന്നു. അവൾ മനസ്സിൽ ഇങ്ങനെ പാടി:

'അമ്മ പറഞ്ഞത് കേൾക്കേണം

നല്ലവരായി വളരേണം

തനിയെ നടന്നാൽ ആപത്താ

അപകടമാണത് ഓർക്കേണം!'