പണ്ട് ഒരു ഓട്ടമത്സരത്തിൽ ആമ മുയലിനെ തോൽപ്പിച്ച കഥ അറിയില്ലേ, അതിനുശേഷം അവർ നല്ല ചങ്ങാതിമാരായി. ഒരിക്കൽ ആമ മുയലിനോടു ചോദിച്ചു: ''ഓട്ടമത്സരത്തിൽ നിന്നെ തോൽപ്പിച്ച എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ?'' ഇതുകേട്ടപ്പോൾ മുയൽ ചിരിച്ചുകൊണ്ടു പറഞ്ഞു: ''മത്സരത്തിൽ ജയവും തോൽവിയുമൊക്കെ ഉണ്ടാകും. അതിന് ദേഷ്യം തോന്നണ്ട കാര്യമില്ല!'' മുയലിന്റെ മറുപടി ആമയെ സന്തോഷിപ്പിച്ചു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ മുയൽ ആമയോടു പറഞ്ഞു:
''നാളുകളേറെയായില്ലേ
നാടും മേടും ചുറ്റീട്ട്
കാഴ്ചകൾ പലതും കണ്ടീടാൻ
നാളെ നമുക്ക് പോയീടാം!''
ആമ സമ്മതം മൂളി. പിറ്റേന്ന് അവർ നാടും മേടും ചുറ്റിക്കാണാൻ രാവിലെതന്നെ പുറപ്പെട്ടു. പോകുംവഴിക്ക് അവരുടെ മുമ്പിൽ വലിയ ഒരു പരുന്ത് പറന്നുവന്ന് നിന്നു.
എന്നിട്ട് ആമയോട് പറഞ്ഞു: ''നിന്നെ ഞാൻ നോട്ടമിട്ടു തുടങ്ങീട്ട് കാലം കുറെയായി. ഇനി എന്റെ കൈയിൽനിന്നും രക്ഷപ്പെടാനാവില്ല. കൂടെയുള്ള നിന്റെ ചങ്ങാതിക്കും!''
അപകടം മനസ്സിലാക്കിയ ആമ, മുയലിനോട് രക്ഷപ്പെടാൻ പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്റെ ഉടൽ മുഴുവനും പുറംതോടിനുള്ളിലേക്ക് വലിച്ച് അനങ്ങാതെ കിടന്നു. ഇത് കണ്ട് ദേഷ്യം വന്ന പരുന്ത് ആമയുടെ പുറംതോടിൽ പലതവണ ആഞ്ഞാഞ്ഞു കൊത്തി, എന്നിട്ട് മുയലിനോടു പറഞ്ഞു:
''സൂത്രക്കാരൻ ആമച്ചാർ
തോടിൽനിന്ന് പുറത്തുവരാൻ
വല്ലതുമുണ്ടോ വഴി കൈയിൽ
ചൊന്നാൽ നിന്നെ വെറുതെവിടാം!''
ഇതുകേട്ടപ്പോൾ മുയലിനുതോന്നി: 'എന്തെങ്കിലും ഒരു ഉപായം പറഞ്ഞുകൊടുത്താലേ തനിക്കും രക്ഷയുള്ളൂ. അതോടൊപ്പം ആമയും രക്ഷപ്പെടണം. ചങ്ങാതിക്ക് ഒരു ആപത്ത് വരുമ്പോൾ എന്ത് ത്യാഗം സഹിച്ചും അവനെ സഹായിക്കുകയാണ് വേണ്ടത്.' മുയൽ എന്തോ ആലോചിച്ച് നിന്നിട്ട് പരുന്തിനോട് പറഞ്ഞു: ''ചേട്ടൻ ഈ ആമയെ പൊക്കിയെടുത്തു കൊണ്ടുപോയി അടുത്തുള്ള പുഴയിൽ കുറച്ചുനേരം മുക്കിപ്പിടിക്ക്. അപ്പോൾ പുറംതോടിൽനിന്നും അവൻ പുറത്തുവരും. ആ സമയം അവനെ കൊത്തിയെടുത്തുകൊണ്ട് ചേട്ടന് പറന്നുപോകാം!''
മുയൽ പറഞ്ഞതുപോലെ പരുന്ത് ആമയെ വെള്ളത്തിൽ കുറച്ചുനേരം മുക്കിപ്പിടിച്ചു. കിട്ടിയ അവസരം പാഴാക്കാതെ പുറംതോടിൽനിന്നും പുറത്തുവന്ന ആമ പരുന്തിന്റെ പിടിയിൽനിന്നും വഴുതി മാറി നീന്തി രക്ഷപ്പെട്ടു. ഈ സമയം മുയൽ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി ഒളിച്ചു. പരുന്ത് തനിക്കു പറ്റിയ അമളി പുറത്തറിയിക്കാതെ നാണിച്ച്
പറന്നുപോയി. പിന്നീട് ആമ തിരികെ വന്ന് തന്റെ ചങ്ങാതിയായ മുയലിനോടു നന്ദി പറഞ്ഞ് അവനോടൊപ്പം യാത്ര തുടർന്നു.
Content Highlights: The evolution of the tortoise and hare relationship from rivals to best friends
Published: 22 May 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented