തേയിലക്കാട്ടിലെ കുന്നിൻ മുകളിൽ ഒരു തേൻമരമുണ്ട്. കൊല്ലത്തിൽ ഒരിക്കൽ മാത്രമേ പഴങ്ങൾ ഉണ്ടാവുകയുള്ളൂ. പഴങ്ങൾക്ക് ഒന്നാന്തരം കാട്ടുതേനിന്റെ രുചിയാണ്.

To advertise here,

''കുന്നിൻ മുകളിൽ മരമുണ്ട്

തേൻമരമാണതിൻപേര്

മധുരക്കിനിയും തേൻപോലെ

മധുരം നിറയും പഴമുണ്ട്!''

തേൻമരത്തിൽ പഴങ്ങൾ പഴുത്ത വിവരമറിഞ്ഞ് കാട്ടിലെ കൂട്ടരെല്ലാവരും കൊതിയോടെ കുന്നു കയറാൻ തുടങ്ങി. അക്കൂട്ടത്തിൽ കൊച്ചുണ്ണി കുരങ്ങനും ഉണ്ടായിരുന്നു. ഓരോ കഥകൾ പറഞ്ഞ് നടക്കുന്നതിനിടെ കൊച്ചുണ്ണി മാനത്ത് ഓടിക്കളിക്കുന്ന മഴക്കാർ കണ്ടു. ''ഹയ്യോ, പെരുമഴ പെയ്യുമെന്നാ തോന്നുന്നത്. തേൻപഴം തിന്നാൻ വേണ്ടി മഴ നനയാനൊന്നും എനിക്കു വയ്യ!'', അവൻ തിരികെ ഒറ്റപ്പോക്ക്. പെയ്യാൻ പോകുന്ന മഴയേയോ മാനത്ത് നിറഞ്ഞ മഴക്കാറിനെയോ കൂസാതെ മറ്റുള്ളവരെല്ലാം ഉഷാറോടെ കുന്നുകയറി. അവർ മതിയാവോളം തേൻ പഴങ്ങൾ കഴിച്ചു. ഒന്നു രണ്ട് കാറ്റ് വീശിയെന്നല്ലാതെ മഴ പെയ്തതേയില്ല. ഒരു ചേമ്പിലയും പിടിച്ച് മരച്ചുവട്ടിൽ കൂനിക്കൂടിയിരുന്ന കൊച്ചുണ്ണിക്ക് മഴ പെയ്യില്ലെന്ന് മനസ്സിലായി. ''ശ്ശെടാ, മഴ പറ്റിച്ചല്ലോ!'', അവൻ തേൻ പഴം കഴിക്കാൻ കുന്നിൻ മുകളിലേക്ക് നടക്കാൻ തുടങ്ങി.

''പെയ്യാൻ വന്നൊരു മഴയയ്യോ

ഓടിച്ചാടിയൊളിച്ചല്ലോ

പെരുമഴനനയാതിനിയാ

കുന്നും കേറി നടക്കാലോ!''

പകുതി വഴി എത്തിയതും തിരികെ വരുന്ന ചങ്ങാതിമാരെ കൊച്ചുണ്ണി കണ്ടു. ''കൊച്ചുണ്ണീ, ഇനി കുന്നു കയറിയിട്ട് കാര്യമില്ല. തേൻപഴമൊന്നും ബാക്കിയില്ല!'' കൂട്ടുകാർ പറഞ്ഞതുകേട്ട് കൊച്ചുണ്ണിക്ക് നിരാശ തോന്നി. ''അവസരങ്ങൾ എപ്പൊഴും നമ്മളെ തേടി വരണമെന്നില്ല. വന്നുകിട്ടുന്ന അവസരങ്ങളെ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ ഇങ്ങനെ നിരാശപ്പെടേണ്ടിയും വരില്ല!'', കരടിയമ്മാവൻ പറഞ്ഞപ്പോഴാണ് കൊച്ചുണ്ണിക്ക് തന്റെ തെറ്റ് മനസ്സിലായത്. ഇനി ഒരിക്കലും ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്ന് അവൻ ഉറപ്പിച്ചു.