പണ്ടുപണ്ട് പ്രാഗ്ജ്യോതിഷം എന്നൊരു രാജ്യത്ത് നരകാസുരൻ എന്ന അസുരരാജാവ് ജീവിച്ചിരുന്നു. വലിയ ശക്തിയും അധികാരവുമുണ്ടായിരുന്ന നരകാസുരൻ ജനങ്ങളെ ഉപദ്രവിക്കുന്നത് പതിവാക്കി. തന്റെ ശക്തിക്കുമുന്നിൽ ആർക്കും പിടിച്ചുനിൽക്കാനാവില്ലെന്നായിരുന്നു അയാളുടെ അഹങ്കാരം.

To advertise here,

നരകാസുരന്റെ ക്രൂരത കാരണം ജനങ്ങൾ ഭയന്നുവിറച്ചു. ദേവന്മാർക്കുപോലും അയാളെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ എല്ലാവരും ശ്രീകൃഷ്ണന്റെ സഹായം തേടി.

ജനങ്ങളുടെ സങ്കടം കേട്ട ശ്രീകൃഷ്ണൻ നരകാസുരനെ നേരിടാൻ തീരുമാനിച്ചു. ഭാര്യയായ സത്യഭാമയെയും കൂട്ടി ഗരുഡന്റെ പുറത്തുകയറി അദ്ദേഹം നരകാസുരന്റെ രാജ്യത്തേക്ക് പുറപ്പെട്ടു.

ശ്രീകൃഷ്ണനും നരകാസുരനും തമ്മിൽ ഭയങ്കര യുദ്ധം നടന്നു. സത്യഭാമയും യുദ്ധത്തിൽ പങ്കെടുത്തു. ഒടുവിൽ നരകാസുരൻ വധിക്കപ്പെട്ടു. അതോടെ ജനങ്ങളുടെ ഭയവും ദുരിതവും അവസാനിച്ചു.

നരകാസുരന്റെ അഹങ്കാരവും ക്രൂരതയും അവസാനിച്ചതോടെ ജനങ്ങൾ സന്തോഷത്തിലായി. അവർ വീടുകൾ വൃത്തിയാക്കി, എണ്ണവിളക്കുകൾ തെളിയിച്ചു, മധുരപലഹാരങ്ങൾ വിതരണം ചെയ്തു. നാടെങ്ങും ആഘോഷമായി.

നരകാസുരനെ വധിച്ചതിന്റെ ഓർമയ്ക്കാണ് ദീപാവലിയുടെ ഭാഗമായ നരകചതുർദശി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

ദീപാവലിക്ക് മറ്റൊരു മനോഹരമായ ഐതിഹ്യവുമുണ്ട്. പതിനാലു വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ജനങ്ങൾ നഗരം മുഴുവൻ ദീപങ്ങൾ തെളിയിച്ച് അവരെ വരവേറ്റുവെന്നാണ് വിശ്വാസം.

ഇരുട്ടിനെ അകറ്റുന്ന വെളിച്ചത്തിന്റെയും തിന്മയെ തോൽപ്പിക്കുന്ന നന്മയുടെയും ആഘോഷമാണ് ദീപാവലി.

അതുകൊണ്ടാണ് ദീപാവലിയെ ദീപങ്ങളുടെ ഉത്സവം എന്നു വിളിക്കുന്നത്!