ആഫ്രിക്കൻ ഗ്രാമമായ കിബുവിൽ പണ്ട് താബ എന്നൊരു വികൃതി പെൺകുട്ടിയുണ്ടായിരുന്നു. കാടും മേടും പുൽമേടുകളും എന്നുവേണ്ട ആ നാട്ടിലെ ഓരോ ജീവിയെയും അവൾക്ക് പരിചയമുണ്ട്. കാട്ടിൽ ചെന്ന് അവൾ കുറുക്കനോടു കിന്നാരം പറയും. പുൽമേടുകളിൽ മേയുന്ന ആടുകൾക്കൊപ്പം തുള്ളിച്ചാടിക്കളിക്കും.
അങ്ങനെയിരിക്കെ കുറുക്കൻമാരുടെയൊക്കെ ഗുരുവായ വലിയ കുറുക്കൻ അവൾക്കൊരു സമ്മാനം കൊടുത്തു. ഒരു മാന്ത്രികച്ചെരുപ്പ്. ''ഈ ചെരുപ്പിട്ടാൽ നിനക്ക് പക്ഷികളെപ്പോലെ പറക്കാം'', വലിയകുറുക്കൻ അവളോടുപറഞ്ഞു.
വികൃതിക്കുട്ടിയല്ലേ, അവൾ? കേട്ടപാതി കേൾക്കാത്ത പാതി ചെരുപ്പുമിട്ട് അവൾ ആകാശത്തിലൂടെ അങ്ങുമിങ്ങും പറന്നുനടന്നു.
ആദ്യം പോയത് മേഘങ്ങളുടെ കൊട്ടാരത്തിലേക്കാണ്. കുഞ്ഞുമേഘങ്ങളും അവരുടെ തലവനും തമ്മിൽ അപ്പോൾ കാര്യമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
താബ ഇതൊന്നും ശ്രദ്ധിക്കാത്തതുപോലെ നടിച്ച് അവർ പറയുന്നതെന്തെന്ന് കാതോർത്തു. ''കണ്ടില്ലേ, കുട്ടിയാന കുളത്തിലെ വെള്ളം മുഴുവൻ കലക്കി വൃത്തികേടാക്കിയത്? ഇനി ഞാൻ മഴപെയ്യിച്ച് കുളം നിറയ്ക്കില്ല'', ഒരു കുഞ്ഞുമേഘം പറഞ്ഞു. ഇതുകേട്ട് മറ്റൊരു മേഘം പറഞ്ഞു: ''ഞാനും ഇനി മഴപെയ്യിക്കില്ല. കണ്ടില്ലേ, മനുഷ്യക്കുട്ടികൾ ചപ്പും ചവറുമൊക്കെ പുഴയിൽ കൊണ്ടിടുന്നത്.''
അപ്പോൾ മേഘങ്ങളുടെ തലവൻ പറഞ്ഞു: ''ശരി. ഇനി കുറച്ചു കാലത്തേക്ക് നമുക്ക് മഴ പെയ്യിക്കാതിരിക്കാം. പക്ഷേ, കാറ്റടിച്ചാൽ മഴ പെയ്യിക്കാതെ നമ്മൾ എന്തുചെയ്യും? ആദ്യം കാറ്റിനോട് ഇനിയൊരിക്കലും വീശിയടിക്കല്ലേ എന്നു പറയാം!'' മേഘങ്ങളെല്ലാം നേരെ കാറ്റിനടുത്തേക്കുപോയി.
താബയ്ക്ക് സങ്കടം വന്നു. ''അയ്യോ, മഴ പെയ്യാതായാൽ ആകെ കുഴയുമല്ലോ''. മേഘങ്ങൾക്കു പിന്നാലെ കാറ്റിനെക്കാണാൻ അവളും ചെന്നു. എന്നിട്ട് ആരും കേൾക്കാതെ പറഞ്ഞു:
''അയ്യോ കാറ്റേ, മേഘങ്ങൾക്കൊപ്പം നിൽക്കല്ലേ, ഞങ്ങൾക്ക് കുടിക്കാൻ തുള്ളിവെള്ളം പോലുമില്ലാതാകും''. കാറ്റ് കുറച്ചുനേരം ആലോചിച്ചു. ''നീ മാന്ത്രികച്ചെരുപ്പുള്ള മിടുക്കിക്കുട്ടിയല്ലേ, ചന്ദ്രനിൽ ചെന്ന് എനിക്കുവേണ്ടി കുറേ മുത്തുകൾ കൊണ്ടുവരണം'', കാറ്റ് ്പറഞ്ഞു.
''ശരി. അതുവരെ നീ മഴപെയ്യിക്കാൻ ആഞ്ഞുവീശണേ...'', താബ ചന്ദ്രനിലേക്ക് പറന്നുപോയി. അവിടെയാകെ തിരഞ്ഞിട്ടും അവൾക്ക് ഒരു മുത്തുപോലും കിട്ടിയില്ല. മുത്തില്ലാതെ തിരിച്ചുവന്നാൽ കാറ്റിനോട് എന്തുപറയും? കാറ്റുപിണങ്ങിയാൽ മേഘങ്ങളെക്കൊണ്ട് ആരു മഴപെയ്യിക്കും? താബ തിരിച്ചുവരാതെ ചന്ദ്രനിൽ തന്നെയിരുന്നു. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രനിൽ കാണുന്ന പാട് താബയുടെ നിഴലാണെന്നാണ് ആഫ്രിക്കക്കാരുടെ വിശ്വാസം. കാറ്റാവട്ടെ അവൾ വരുന്നതു വരെ ആഞ്ഞുവീശാമെന്ന വാക്ക് ഇപ്പോഴും പാലിക്കുന്നു.
Content Highlights: Provides a mythical origin story for the shadows on the moon
Published: 27 Jun 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented