ണ്ട് കടലിനരികിലെ ഒരു ചെറിയ ഗ്രാമത്തിൽ പാവപ്പെട്ട ഒരു യുവാവ് താമസിച്ചിരുന്നു. മീൻപിടിച്ചും ചെറിയ ജോലികൾ ചെയ്തുമാണ് അവൻ ജീവിച്ചിരുന്നത്. എത്ര കഷ്ടപ്പെട്ടാലും പല ദിവസങ്ങളിലും വയറുനിറയെ ഭക്ഷണം കിട്ടാറില്ലായിരുന്നു.

To advertise here,

ഒരു ദിവസം കാട്ടിലൂടെ നടക്കുമ്പോൾ അയാൾ ഒരു വൃദ്ധനെ കണ്ടു. വിശന്നിരുന്ന വൃദ്ധന് യുവാവ് തന്റെ കൈയിലുണ്ടായിരുന്ന അവസാനത്തെ അപ്പം നൽകി.

അവന്റെ നല്ല മനസ്സ് കണ്ട് വൃദ്ധൻ അവന് ഒരു ചെറിയ അരകല്ല് സമ്മാനിച്ചു.

''ഇത് സാധാരണ അരകല്ലല്ല. നിനക്ക് എന്തുവേണമെങ്കിലും ഇതുതരും, 'അരകല്ലേ, തിരിയൂ' എന്നുപറഞ്ഞാൽ മതി. നിർത്തണമെങ്കിൽ 'അരകല്ലേ, നന്ദി, ഇനി നിൽക്കൂ' എന്നുപറയണം,'' വൃദ്ധൻ പറഞ്ഞു.

വീട്ടിലെത്തിയതും യുവാവ് അരകല്ലിനെ പരീക്ഷിച്ചു നോക്കി.

''അരകല്ലേ, തിരിയൂ! കുറച്ച് അരി തരൂ.''

ഉടനെ അരകല്ലിൽനിന്ന് വെളുത്ത അരി ഒഴുകിവന്നു. പിന്നെ അയാൾ പഴങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു. അരകല്ല് എല്ലാം നൽകി. അയാൾ തനിക്കു കിട്ടിയ സാധനങ്ങൾ ഗ്രാമത്തിലെ പാവപ്പെട്ടവരുമായി പങ്കുവെച്ചു.

ഗ്രാമത്തിലെ ധനികനായ ഒരു കപ്പൽക്കാരൻ ഈ വിവരം അറിഞ്ഞു. അയാൾക്ക് അരകല്ല് സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹം തോന്നി.

'ആ അരകല്ല് എനിക്കു കിട്ടിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികനാകാം!' അയാൾ വിചാരിച്ചു.

ഒരു രാത്രി കപ്പൽക്കാരൻ യുവാവിന്റെ വീട്ടിൽ കയറി അരകല്ല് മോഷ്ടിച്ചു. അരകല്ല് പ്രവർത്തിപ്പിക്കാനുള്ള വാക്ക് അയാൾ ഒളിച്ചിരുന്ന് കേട്ടിരുന്നു. പക്ഷേ, അത് നിർത്താനുള്ള വാക്ക് കേട്ടതുമില്ല.

പിറ്റേന്ന് അയാൾ അരകല്ലുമായി കപ്പലിൽ യാത്ര തിരിച്ചു. യാത്രയ്ക്കിടെ പാചകക്കാരൻ പറഞ്ഞു:''കപ്പലിലെ ഉപ്പ് തീർന്നുപോയി!''

കപ്പൽക്കാരൻ സന്തോഷത്തോടെ അരകല്ലെടുത്തു കൊണ്ട് പറഞ്ഞു.

''അരകല്ലേ, തിരിയൂ! ഉപ്പ് തരൂ!''

ഉടനെ അരകല്ലിൽനിന്ന് ഉപ്പ് ഒഴുകിത്തുടങ്ങി. ഒരു ചാക്ക് നിറഞ്ഞു. പിന്നെ രണ്ടാമത്തെ ചാക്കും മൂന്നാമത്തെ ചാക്കും നിറഞ്ഞു.

''മതി! നിർത്തൂ!'' കപ്പൽക്കാരൻ വിളിച്ചു.

പക്ഷേ, അരകല്ല് നിർത്തിയില്ല. കപ്പൽ മുഴുവൻ ഉപ്പുകൊണ്ട് നിറഞ്ഞു. ഉപ്പിന്റെ ഭാരം കൂടിയപ്പോൾ കപ്പൽ കടലിലേക്ക് താഴാൻതുടങ്ങി.

പേടിച്ച കപ്പൽക്കാരൻ അരകല്ലിനെ കടലിലേക്ക് എറിഞ്ഞു. അരകല്ല് കടലിന്റെ അടിത്തട്ടിലെത്തി. അവിടെയും അത് ഉപ്പ് ഉണ്ടാക്കി കൊണ്ടേയിരുന്നു.

ആ മാന്ത്രിക അരകല്ല് ഇന്നും കടലിന്റെ അടിയിൽ ഉപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണത്രേ. അതുകൊണ്ടാണ് കടൽവെള്ളത്തിന് ഉപ്പുരസം വന്നതെന്നാണ് കഥ.