വികൃതികാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടനായിരുന്നു. കുട്ടിശ്ശങ്കരനാനയുടെ ഉറ്റചങ്ങാതിയായിരുന്നു കിട്ടൻ കട്ടുറുമ്പ്. കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും ഒരുമിച്ചാണ് തീറ്റതേടലും ഉറക്കവും കളിയും കുളിയുമെല്ലാം.
ഒരുദിവസം കുട്ടിശ്ശങ്കരനോട് കിട്ടൻ കട്ടുറുമ്പ് പറഞ്ഞു:
''കുട്ടിശ്ശങ്കരാ ചങ്ങാതീ
പുഴയിൽ നീന്തിനടന്നാലോ?
നിന്നുടെ തലയിലിരുന്നാലോ
ലോകം മുഴുവൻ കാണാലോ!''
''ശരി, അങ്ങനെയാവട്ടെ കിട്ടൻ കുട്ടാ. എന്റെ തലയിൽ കയറി നീ ഗമയിൽ സവാരിചെയ്‌തോളൂ!'', കിട്ടൻ കട്ടുറുമ്പിന് സന്തോഷമായി. അവൻ വേഗം കുട്ടിശ്ശങ്കരനാനയുടെ മസ്തകത്തിൽ കയറി ഗമയിലിരിപ്പായി. കുംഭ കുലുക്കി, കൊമ്പ് കുലുക്കി, തുമ്പിയുമാട്ടി, അടിവെച്ചടിവെച്ച് കുട്ടിശ്ശങ്കരൻ കിട്ടൻ കട്ടുറുമ്പിനേയും മസ്തകത്തിലേറ്റി നടത്തം തുടങ്ങി.
കുറെ നടന്നുചെന്നപ്പോൾ കുട്ടിശ്ശങ്കരൻ കാൽതെറ്റി ഒരു ചെറിയ കുഴിയിൽ വീണു. കുഴിയിൽ വീണ കുട്ടിശ്ശങ്കരൻ കുഴിയിൽനിന്നും പുറത്തു കടക്കാൻ കിണഞ്ഞുപരിശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. ഇനി എന്തുചെയ്യും? കാൽ ഒരു വേരിനിടയിൽ കുടുങ്ങിപ്പോയതാ!
കിട്ടൻ കട്ടുറുമ്പ്, കുട്ടിശ്ശങ്കരനാനയോടു പറഞ്ഞു. ''ചങ്ങാതീ പേടിക്കല്ലേ ഞാനൊരു വഴിയുണ്ടാക്കാം! ഒരുകാര്യം ചെയ്‌തോളൂ. കുഴിയിൽ കിടന്ന് ഉറക്കെ ചിന്നം വിളിക്കണേ!'' കിട്ടൻ കട്ടുറുമ്പ് വേഗം താഴെയിറങ്ങി, ഓടിയോടി വനപാലകരുടെ അടുത്തെത്തി. വനപാലകർ കിടന്നുറങ്ങുകയാണ്. എങ്ങനെ ഉണർത്തും? കിട്ടൻ കട്ടുറുമ്പ് വേഗം ഒരാളുടെ കാലിൽ ഒറ്റക്കടി!
അയാൾ ചാടിയെഴുന്നേറ്റു. അപ്പോഴാണ് കുട്ടിശ്ശങ്കരന്റെ ചിന്നംവിളി അയാൾ കേട്ടത്. ''അയ്യോ! ആനയുടെ നിലവിളിയല്ലേ കേൾക്കുന്നത്? എന്തോ അപകടമുണ്ട്. വേഗം വരൂ!'' വനപാലകരെല്ലാം ഞെട്ടിയുണർന്ന് ഓടി കുഴിയുടെ അടുത്തെത്തി.
എല്ലാവരും കുഴിയിൽപെട്ടിരുന്ന കുട്ടിശ്ശങ്കരനെ പുറത്തെടുക്കാൻ പരിശ്രമം തുടങ്ങി. കുട്ടിശ്ശങ്കരനാനയുടെ കാൽ കുടുങ്ങിയ വേര് മുറിച്ചുമാറ്റി. അങ്ങനെ കുട്ടിശ്ശങ്കരൻ കുഴിയിൽനിന്നും പുറത്തെത്തി. കുട്ടിശ്ശങ്കരനും കിട്ടനുറുമ്പും തങ്ങളെ രക്ഷിച്ച വനപാലകർക്ക് നന്ദിപറഞ്ഞു. എന്നിട്ട് യാത്ര തുടർന്നു.
Content Highlights: Engaging Malayalam moral story featuring a baby elephant and an ant
Published: 04 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented