സ്‌കൂളുവിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു അപ്പൂട്ടൻ. വഴിയിൽ അവൻ ഒരു സൈക്കിൾ കണ്ടു. ചുവപ്പു നിറമുള്ള ഒരു സൂപ്പർ സൈക്കിൾ. ‘എനിക്കും വേണം ഒരു സൈക്കിൾ!’ അപ്പൂട്ടന്റെ കുറെനാളായുള്ള ആഗ്രഹമാണ്.

To advertise here,

‘ഹായ്! എന്തുനല്ല സൈക്കിൾ. ഇതാരുടേതാവും. ഇത് ഇവിടെ വച്ചിട്ട് അവരെവിടേക്ക് പോയി. ഒന്നെടുത്ത് ഓടിച്ചു നോക്കിയാലോ... നല്ല രസാരിക്കും.’ അപ്പൂട്ടൻ വിചാരിച്ചു.

പെട്ടെന്ന് അവൻ മനസ്സിൽ അമ്മയെ ഓർത്തു. അമ്മ പറഞ്ഞിട്ടുണ്ട്. മറ്റുള്ളോരുടെ ഒരു സാധനോം ചോദിക്കാതെ എടുക്കാൻ പാടില്ലാന്ന്. വേണ്ട.... എനിക്കുവേണ്ട... എന്നു വിചാരിച്ച് അപ്പൂട്ടൻ വീട്ടിലേക്ക് നടന്നു.

അവന്റെ മനസു മുഴുവനും ആ ചുവന്ന സൈക്കിൾ ആയിരുന്നു. അച്ഛനോടു പറയണം. അപ്പൂട്ടനും ഒരു ചുവന്ന സൈക്കിൾ വേണംന്ന്... അങ്ങനെ വീട്ടിൽ എത്തുമ്പോൾ അച്ഛൻ എവിടേക്കോ പോവാൻ തുടങ്ങുകയാണ്. അവൻ അച്ഛന്റെ അടുത്തേക്ക് ഓടി. അച്ഛാ...എനിക്ക് ഭംഗിയുള്ള ഒരു സൂപ്പർ റെഡ് സൈക്കിൾ വേണം. അപ്പൂട്ടന് വാങ്ങിത്തരോ അച്ഛാ...അവൻ ചോദിച്ചു. അച്ഛന്റേല് അതിനുളള കാശില്ലല്ലോ മോനേന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്കു പോയി. അപ്പൂട്ടന് ആകെ സങ്കടായി. അവൻ വിഷമിച്ച് രാത്രി നേരത്തേ ഉറങ്ങിപ്പോയി.

അച്ഛൻ വരുമ്പോഴേക്കും അപ്പൂട്ടൻ ഉറങ്ങിപ്പോയിരുന്നു.നാളെ അപ്പൂട്ടന്റെ പിറന്നാളാണെന്ന് അമ്മ അച്ഛനോടു പറഞ്ഞു.

ആ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. പതിവുപോലെ അപ്പൂട്ടൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി ഉച്ചയ്ക്കു വന്ന് ചോറു കഴിച്ച് കിടന്നുറങ്ങി. ഇത്തിരി കഴിഞ്ഞപ്പോ അപ്പൂട്ടന്റെ ചേച്ചി വന്ന് അവനെ ഉണർത്തി. അവന്റെ കണ്ണുകൾ പൊത്തി ഹാളിലേക്ക് കൊണ്ടുപോയി. നോക്കുമ്പോ അവിടെ മുഴുവനും അലങ്കരിച്ചിട്ടുണ്ട്. നിറയെ ബലൂണുകൾ തൂക്കിയിട്ടിരിക്കുന്നു. ആന്റിയും മാമനും ഒക്കെ വന്നിട്ടുണ്ടല്ലോ. അപ്പോഴാണ് അവൻ മുന്നിൽ കേക്കു കണ്ടത്. അവന് ഒരുപാട് സന്തോഷമായി. എല്ലാരും ഹാപ്പി ബർത്ത് ഡേ പാടി. അവൻ കേക്ക് മുറിച്ചു. എല്ലാവരും അവന്റെ വായിൽ കേക്ക് വെച്ചു കൊടുത്തു. കുറേ സമ്മാനങ്ങളും കിട്ടി. അപ്പോ അച്ഛൻ പറഞ്ഞു. മോനേ... നിനക്ക് ഒരു സർപ്രൈസ് കൂടി ഉണ്ട്. എന്നിട്ട് കണ്ണുപൊത്തി അവനെ പുറത്തേക്ക് കൊണ്ട് പോയി. പതിയെ കണ്ണു തുറന്നപ്പോൾ അതാ മുന്നിലൊരു സൂപ്പർ സൈക്കിൾ. അതും ബലൂണൊക്കെ കെട്ടി അലങ്കരിച്ചിരിക്കുന്നു. ആന്റിയാ അതു ചെയ്‌തേന്ന് അമ്മ പറഞ്ഞു. അപ്പൂട്ടന്റെ കണ്ണുകൾ നിറഞ്ഞു. അച്ഛനേം അമ്മയേം അവൻ കെട്ടിപ്പിടിച്ചു. സൂക്ഷിച്ച് ഓടിക്കണം കേട്ടോ.... എന്ന് അമ്മ പറഞ്ഞു. അവൻ തലയാട്ടിക്കൊണ്ട് സന്തോഷത്തോടെ സൈക്കിളും കൊണ്ട് കൂട്ടുകാരുടെ അടുക്കലേക്കു പോയി.