പണ്ട് ദൂരെയൊരു നാട്ടിൽ ഒരു പുള്ളിമൂങ്ങ താമസിച്ചിരുന്നു. മറ്റുള്ള ജീവികളൊക്കെ അവനെ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അതിനൊരു കാരണവുമുണ്ട്. ചിത്രപ്പണികളുള്ള മനോഹരമായ പുതപ്പ് തുന്നാൻ അവന് അറിയാമായിരുന്നു.
പല നിറങ്ങളുള്ള മനോഹരമായ പുതപ്പുതുന്നി അവൻ മരക്കൊമ്പിൽ തൂക്കിയിടും. ചില തണുപ്പുള്ള ദിവസങ്ങളിൽ മറ്റുള്ള ജീവികൾ അവനോടു ചോദിക്കും: ''ഹയ്യോ, എന്തൊരു തണുപ്പാണ് ഈ രാത്രിക്ക്. നേരം പുലരുംവരെ പുതയ്ക്കാൻ എനിക്കൊരു പുതപ്പ് കടം തരുമോ?'' പക്ഷേ, പുള്ളിമൂങ്ങയ്ക്ക് ഇത്തരം ചോദ്യങ്ങളൊന്നും ഇഷ്ടപ്പെടില്ല. അവൻ ചിറകുവീശിക്കൊണ്ട് ചീറിയടുക്കും. എന്നിട്ട് വലിയ ശബ്ദത്തിൽ അലറും: ''നിങ്ങൾക്കു തരാനല്ല, ഞാൻ പുതപ്പുണ്ടാക്കുന്നത്. എന്റെ കൊത്ത് കൊള്ളേണ്ടെങ്കിൽ വേഗം സ്ഥലം വിട്ടോ.'' പാവം മറ്റുജീവികൾ! അവർ പേടിച്ചു തിരികെപ്പറക്കും.
അങ്ങനെയൊരിക്കൽ കൊടും തണുപ്പുസഹിക്കാനാവാതെ മാനത്തെ ചന്ദ്രൻ തണുത്തുവിറച്ച് നിൽക്കുമ്പോൾ ദാ, താഴെ മരക്കൊമ്പിൽ കുറേ പുതപ്പുകൾ തൂങ്ങിക്കിടക്കുന്നു. ചന്ദ്രൻ വേഗം താഴേക്ക് ഓടിയെത്തി. എന്നിട്ട് പുള്ളിമൂങ്ങയോടു ചോദിച്ചു: ''ആഹാ, എത്ര മനോഹരമായ പുതപ്പുകളാണിതെല്ലാം. ആകാശത്താണെങ്കിൽ നല്ല തണുപ്പും. ഒരുപുതപ്പ് എനിക്കുതന്നാൽ തണുപ്പിൽനിന്നും രക്ഷപ്പെടാം.''
''ഹും! എന്റെ പുതപ്പ് നിനക്കു തരാനോ?'' -പുള്ളിമൂങ്ങ ദേഷ്യത്തോടെ ചോദിച്ചു. ''പകരം എനിക്ക് നീ എന്താണ് തരുന്നത്? ഇവിടെനിന്നും വേഗം സ്ഥലം വിട്ടോ!'' ഇതുകേട്ട് ചന്ദ്രന് സങ്കടം വന്നു. ചന്ദ്രൻ വേഗംതന്നെ അവിടെനിന്ന് തിരിച്ചുപോകുകയും ചെയ്തു. അപ്പോൾ അവിടെയുള്ള മറ്റു പക്ഷികളൊക്കെ ഓടിവന്ന് അവനോട് പറഞ്ഞു: ''നീയെന്താണീ ചെയ്തത്. ചന്ദ്രനെപ്പോലും കളിയാക്കി ഓടിക്കുകയോ?'' അവരെല്ലാവരും ചന്ദ്രൻ ഇതിന് പ്രതികാരം ചെയ്യുമെന്നുതന്നെ കരുതി. എല്ലാവരും അവരവരുടെ കൂടുകളിൽ പോയൊളിക്കുകയും ചെയ്തു. പുള്ളിമൂങ്ങയ്ക്ക് ഒട്ടും പേടി തോന്നിയില്ല. ഇത്രയും ദൂരെയുള്ള ചന്ദ്രൻ എന്തുചെയ്യാനാണ്?
പിറ്റേന്ന് രാത്രിയായി. അപ്പോഴേക്കും ചന്ദ്രന് എങ്ങനെയെങ്കിലും പുള്ളിമൂങ്ങയോട് പ്രതികാരം ചെയ്യണമെന്ന് കലശലായ മോഹമുണ്ടായി. ചന്ദ്രൻ വേഗം കുറച്ചു താഴേക്കുവന്നു. എന്നിട്ട് ഭൂമിയിലെ വെള്ളമെല്ലാം മുകളിലേക്ക് വലിച്ചുപിടിച്ചു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. അപ്പോൾ കുന്നിൻമുകളിലെ ഒരു മരം മാത്രം വെള്ളത്തിൽ മുങ്ങാതെ നിന്നു. എല്ലാ ജീവികളും ഓടി ആ മരത്തിനുമുകളിൽ കയറി. നമ്മുടെ പുള്ളിമൂങ്ങയുമുണ്ടായിരുന്നു, ആ കൂട്ടത്തിൽ. അവന്റെ പുതപ്പുകളെല്ലാം വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു.
അപ്പോഴും മറ്റുള്ളവർ അവനോടു പറഞ്ഞു: ''വേഗം ചന്ദ്രനോടു മാപ്പുപറയൂ. അല്ലെങ്കിൽ ഭൂമി മുഴുവൻ വെള്ളംകയറി നശിക്കും.'' ഇതൊന്നും കേട്ട് പുള്ളിമൂങ്ങ ചന്ദ്രനോട് മാപ്പുപറയാൻ തയ്യാറായില്ല. പിന്നെയും ഏറെനേരം കഴിഞ്ഞു. വെള്ളം പിന്നെയും ഉയർന്നുകൊണ്ടിരുന്നു. ദേഷ്യംവന്ന മറ്റുജീവികൾ പുള്ളിമൂങ്ങയ്ക്ക് നല്ല കടികൊടുത്തു. എന്നിട്ടും ചന്ദ്രനോട് മാപ്പുപറയാൻ തയ്യാറാകാതിരുന്ന പുള്ളിമൂങ്ങ മരംവിട്ട് ദൂരേയ്ക്കുപറന്നു. അപ്പോഴതാ തന്റെ പുതപ്പുകൾ വെള്ളത്തിൽ ഒഴുകിനടക്കുന്നു. ''ഹും! ഈ വെള്ളപ്പൊക്കത്തിൽ എന്റെ പുതപ്പുകൾക്ക് ഒന്നും പറ്റിയിട്ടില്ല. എന്നെ തോൽപ്പിക്കാൻ ചന്ദ്രനുമാവില്ല.'' എന്നുപറഞ്ഞ് പുള്ളിമൂങ്ങ വേഗം ചെന്ന് ഒഴുകിനടക്കുന്ന പുതപ്പിനുമുകളിലിരുന്നു.
പക്ഷേ, പുള്ളിമൂങ്ങയുടെ ഭാരം താങ്ങാനാവാതെ പുതപ്പ് വെള്ളത്തിൽ മുങ്ങിപ്പോയി, ഒപ്പം പുള്ളിമൂങ്ങയും. ഇതുകണ്ട് ദേഷ്യമടങ്ങിയ ചന്ദ്രൻ തത്കാലം ഭൂമിയിലെ വെള്ളമെല്ലാം സാധാരണനിലയിലാക്കി. പക്ഷേ, ചിലദിവസങ്ങളിൽ തനിക്കേറ്റ അപമാനം ഓർത്ത് ചന്ദ്രന് കലശലായ ദേഷ്യം വരും. അപ്പോൾ ഭൂമിയിലെ വെള്ളം മുഴുവൻ വലിച്ചുയർത്തുകയും ചെയ്യും. ഇന്നും തുടരുന്ന ചന്ദ്രന്റെ ദേഷ്യമാണ് വേലിയേറ്റമായി നമുക്ക് അനുഭവപ്പെടുന്നതെന്നാണ് മെക്സിക്കോക്കാരുടെ വിശ്വാസം.

Content Highlights: A self-centered owl refuses to share his blankets with the cold moon
Published: 23 Jun 2026, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented