കണ്ടൻകുളത്തിലെ കല്ലുകൾക്കിടയിലെ പൊത്തിലായിരുന്നു കുഞ്ഞൻതവളയുടെ താമസം. കുഞ്ഞൻതവളയുടെ ഉറ്റചങ്ങാതിയായിരുന്നു പൊന്നനാമ.
ഒരുദിവസം കുഞ്ഞൻതവള പൊത്തിലിരുന്ന് ഉറക്കെ കരഞ്ഞു
''പേക്രോം! പേക്രോം!'' കുഞ്ഞൻ തവളയുടെ കരച്ചിൽ കേട്ട പൊന്നനാമ കുളത്തിന്റെ അടിത്തട്ടിൽനിന്ന് പൊന്തിവന്ന് ചോദിച്ചു: ''എന്തിനാണ് കുഞ്ഞാ ഇങ്ങനെ കരയുന്നത്?'' അപ്പോൾ കുഞ്ഞൻതവള പറഞ്ഞു: ''മഴയുടെ വരവറിയിക്കാനാണ് ഞാൻ കരയുന്നത്. ദേ കണ്ടില്ലേ, മാനത്തേക്കു നോക്കൂ. മഴക്കാർ നിറഞ്ഞുവരുന്നത് കാണുന്നില്ലേ?''
പൊന്നനാമ മാനത്തേക്കു നോക്കി! 'ശരിയാണല്ലോ മാനത്താകെ മഴക്കാർ നിറഞ്ഞിട്ടുണ്ട്!'
അപ്പോഴാണ് കല്ലിനടിയിൽനിന്നു മെല്ലെ തല പുറത്തേക്കിട്ടു നോക്കുന്ന നീർക്കോലിയണ്ണനെ പൊന്നനാമ കണ്ടത്. നീർക്കോലി കുഞ്ഞൻതവളയെ ശാപ്പിടാൻ തക്കം പാർത്തിരിക്കുകയാണെന്ന് പൊന്നനാമയ്ക്ക് മനസ്സിലായി! ഉടനെ
കുഞ്ഞൻതവളയെ നോക്കി, പൊന്നനാമ ഉറക്കെ വിളിച്ചുപറഞ്ഞു:
''കുഞ്ഞാ കുഞ്ഞാ ചാടിക്കോ!
പൊത്തിൽനിന്നും ചാടിക്കോ!
വമ്പൻ ചെമ്പൻ നീർക്കോലി
കല്ലിന്നടിയിലിരിപ്പുണ്ടേ!''
ഇതു കേട്ടയുടൻ കുഞ്ഞൻതവള 'ബ്ലും' എന്ന് കുളത്തിലേക്ക് ഒറ്റച്ചാട്ടം! കുഞ്ഞൻതവളയും പൊന്നനാമയും കുളത്തിന്റെ അടിത്തട്ടിലെത്തി!
നീർക്കോലിയണ്ണനുണ്ടോ വിടുന്നു. നീർക്കോലിയും ഒപ്പം ചാടി. നീർക്കോലിയും ഊളിയിട്ട് കുളത്തിന്റെ അടിത്തട്ടിലെത്തി. ഈ സമയം പൊന്നനാമയ്ക്ക് ഒരു ഉപായം തോന്നി. അവൻ കുഞ്ഞൻ തവളയെ തന്റെ അടിയിൽ ഒളിപ്പിച്ചു! നീർക്കോലിയുണ്ടോ പൊന്നനാമയുടെ അടിയിൽ ഒളിച്ച കുഞ്ഞനെ കാണുന്നു! നീർക്കോലി കുഞ്ഞൻതവളയെ തിരഞ്ഞ് കുളത്തിലാകെ നീന്തിനടന്നു. ഒടുവിൽ ഇളിഭ്യനായി തിരികെ കരയ്ക്കു കയറി കല്ലിനടിയിലിരിപ്പായി.
തന്നെ രക്ഷിച്ചതിന് കുഞ്ഞൻതവള പൊന്നനാമയോട് നന്ദി പറഞ്ഞു. എന്നിട്ട് ഉറക്കെ പാടി:
''പൊന്നനും കുഞ്ഞനും ചങ്ങാതിമാർ!
കണ്ടൻകുളത്തിലെ ചങ്ങാതിമാർ!
നീർക്കോലിയണ്ണനെ സൂത്രം പ്രയോഗിച്ച്
നാണം കെടുത്തിയ ചങ്ങാതിമാർ!''
കുഞ്ഞൻതവളയും പൊന്നനാമയും കണ്ടൻകുളത്തിൽ നീർക്കോലിയണ്ണനു പിടികൊടുക്കാതെ ഒരുപാടുകാലം സുഖമായി താമസിച്ചു.
Content Highlights: Heartwarming tale of friendship between a frog and a turtle
Published: 16 Jun 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented