രിക്കൽ ഒരാൾ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു: ''സ്വാമീ, ഞാൻ എന്റെ സ്വത്തും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എനിക്ക് മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. മനസ്സ് പലവിധ ചിന്തകളിൽ മുഴുകുന്നു. അതുകൊണ്ട് ജോലിയിൽ ശ്രദ്ധിക്കാനും പറ്റുന്നില്ല.''

To advertise here,

സ്വാമി അയാളെ അടിമുടി ഒന്നുനോക്കിയിട്ട് ചോദിച്ചു: ''താങ്കൾക്ക് ശരിക്കും മനസ്സമാധാനം വേണമെന്നുണ്ടോ?''

''വേണം. അതിനാണ് ഞാൻ അങ്ങയെ കാണാൻ വന്നത്!'', അയാൾ പറഞ്ഞു.

സ്വാമി ഒന്ന് പുഞ്ചിരിച്ചു: ''ശരി. എങ്കിൽ ഞാൻ അതിനുള്ള മാർഗം പറയാം. അതുപോലെതന്നെ ചെയ്യണം.''

അയാൾ സമ്മതിച്ചു.

''താങ്കൾ എപ്പോൾ വീട്ടിൽ നിന്നിറങ്ങിയാലും വിശക്കുന്ന ഒരാളെ കണ്ടാൽ അയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കണം. ദാഹിച്ചുവലഞ്ഞുവരുന്ന ആളെ കണ്ടാൽ അയാൾക്ക് വെള്ളം നൽകണം. വസ്ത്രം ആവശ്യമുള്ളയാളെ കണ്ടാൽ അയാൾക്ക് വസ്ത്രം വാങ്ങിക്കൊടുക്കണം. രോഗമുള്ളയാളെ കണ്ടാൽ മരുന്നുനൽകി ശുശ്രൂഷിക്കണം. ആരെങ്കിലും എന്തെങ്കിലും പ്രശ്‌നത്തിൽപ്പെട്ടാൽ അയാളെ രക്ഷിക്കണം. ഇങ്ങനെയൊക്കെ ചെയ്താൽ താങ്കൾക്ക് തീർച്ചയായും മനസ്സമാധാനം ലഭിക്കും. ഇതാണ് അതിനുള്ള പ്രധാന വഴിയും.''

സ്വാമിജിയുടെ നിർദേശം കേട്ട് ആദ്യമൊന്നമ്പരന്നെങ്കിലും അയാൾ അങ്ങനെ ചെയ്യാമെന്നു സമ്മതിച്ച് മടങ്ങി.

പിറ്റേന്നുമുതൽ സ്വാമിജി പറഞ്ഞതുപോലെ അയാൾ ചെയ്യാൻ തുടങ്ങി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അയാളുടെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നിത്തുടങ്ങി. മറ്റൊന്നും പ്രതീക്ഷിക്കാതെയുള്ള മനുഷ്യസേവനമാണ് മനസ്സമാധാനം ലഭിക്കാൻ ഏറ്റവും എളുപ്പമാർഗമെന്ന് അയാൾക്ക് മനസ്സിലായി.