റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ താമസക്കാരനായിരുന്നു ചിന്നൻ ചുണ്ടെലി. പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള മാളത്തിൽ നിന്നും അവൻ തല പുറത്തേക്കിട്ട് മെല്ലെ നോക്കും. എന്നും എവിടെന്നെങ്കിലും അല്പം നിലക്കടലയും ബ്രെഡ്ഡിന്റെ കഷണങ്ങളും പലഹാരക്കഷണങ്ങളുമൊക്കെ അവന് കിട്ടും.

To advertise here,

ഒരു രാത്രി ചിന്നൻ, പ്ലാറ്റ്ഫോമിലും റെയിൽപ്പാളത്തിലും അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുകയായിരുന്നു.

അപ്പോൾ അവിടെ പുതുതായി ഒരു ചുണ്ടെലി വന്നു ചേർന്നു. മാത്തൻ ചുണ്ടെലി. മാത്തൻ അന്നുവരെ ട്രെയിൻ കണ്ടിട്ടില്ലായിരുന്നു. മാത്തൻ ചുണ്ടെലിയാവട്ടെ റെയിൽപ്പാളത്തിൽ കൂടി തലങ്ങും വിലങ്ങും ഓടിക്കളിച്ച് നടന്നു. അപ്പോൾ ചിന്നൻ ചുണ്ടെലി മാത്തൻ ചുണ്ടെലിക്ക് മുന്നറിയിപ്പ് കൊടുത്തു.

''പാളത്തിലൂടെ പായല്ലേ

അങ്ങോട്ടുമിങ്ങോട്ടും ചാടല്ലേ

വേഗത്തിലോടും തീവണ്ടി

ആപത്തുണ്ടാക്കും ചങ്ങാതീ!''

പക്ഷേ, മാത്തനെലി ചിന്നൻ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. അപ്പോൾ അതുവഴി ഒരു ട്രെയിൻ അതിവേഗത്തിൽ കൂവിക്കൊണ്ട് ചീറിപ്പാഞ്ഞുവന്നു. 'കട കടാ കട കടാ ചക്ക്മുക്ക്! ചക്ക്മുക്ക്!' എന്ന് ശബ്ദമുണ്ടാക്കി ട്രെയിൻ അതുവഴി കടന്നുപോയി. ഭാഗ്യത്തിന് അത് മാത്തനെലിയുടെ ദേഹത്ത് തട്ടിയില്ലെന്നേയുള്ളൂ.'ഹാവൂ! ചെവി പൊട്ടിപ്പോയേ!', പേടിച്ചുപോയ അവൻ ചെവി പൊത്തി ചിന്നൻ ചുണ്ടെലിയുടെ മുന്നിലെത്തി. ചിന്നൻ, ട്രെയിൻ വന്നപ്പോൾ ദൂരേക്കോടി മാറി പമ്മിയിരിക്കുകയായിരുന്നു. 'ചങ്ങാതീ, നീ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി എന്നോട് ക്ഷമിക്കണേ!', മാത്തനെലി പറഞ്ഞു. പിന്നീട് മാത്തന് ചിന്നൻ റെയിൽ പാളങ്ങളിലെയും പ്ലാറ്റ്ഫോമിലെയും രീതികളും രാത്രിയും പകലും തീറ്റ തേടി നടക്കേണ്ട രീതികളുമെല്ലാം പഠിപ്പിച്ചുകൊടുത്തു. മാത്തനും ചിന്നനും ഉറ്റചങ്ങാതിമാരായിത്തീരുകയും ചെയ്തു.