രാജപുരം : കാടിറങ്ങി റാണിപുരത്ത് വീണ്ടും കാട്ടാനക്കൂട്ടം. ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത് 100-ലേറെ കായ്ക്കുന്ന കവുങ്ങുകൾ. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് പനത്തടി പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കാട്ടാനക്കൂട്ടമിറങ്ങി കവുങ്ങ് കൃഷി വലിയ തോതിൽ നശിപ്പിച്ചത്.

To advertise here,

റാണിപുരം വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കൃഷിയിടമാണിത്. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ വനം വകുപ്പ് ആ മേഖലയിൽ സൗരോർജവേലി ഒരുക്കിയിരുന്നു. വനസംരക്ഷണസമിതി പ്രവർത്തകർക്കായിരുന്നു പരിചരണച്ചുമതല. എന്നാൽ റാണിപുരം വനസംരക്ഷണ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ കാലാവധി ജൂലായിയിൽ കഴിഞ്ഞിരുന്നു. എന്നാൽ വാർഷിക ജനറൽ ബോഡി യോഗം കൃത്യമായി ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ രാഷ്ട്രിയ സമ്മർദങ്ങളെ തുടർന്ന് ഇനിയും വനംവകുപ്പിന് സാധിച്ചിട്ടുമില്ല. വനസംരക്ഷണ സമിതിയുടെ പ്രവർത്തനം മന്ദഗതിയിലായതോടെയാണ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സൗരോർജ വേലിയുടെ സംരക്ഷണവും പാളിയത്. അതോടെയാണ് കാട്ടാനക്കൂട്ടം കാടിറങ്ങി കൃഷിയിടത്തിലെത്തിയതെന്നാണ് വിവരം.

കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിച്ചതറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദുവും പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥുമടക്കമുള്ള ജനപ്രതിനിധികൾ കൃഷിയിടം സന്ദർശിക്കാനെത്തിയി.