പയ്യന്നൂർ : ദേശീയപാത- 66 ലെ 3.62 കിലോമീറ്റർ ദൈർഘ്യമുള്ള പയ്യന്നൂർ ബൈപ്പാസിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ച താലൂക്ക് വികസന സമിതി യോഗമാണ് നിർമാണ ഏജൻസിയായ മേഘ എൻജിനീറിങ്ങിന് നിർദേശം നൽകിയത്. ഈമാസം അവസാനം ബൈപ്പാസ് തുറന്നു കൊടുക്കുമെന്ന് 'മാതൃഭൂമി ' വാർത്ത നൽകിയിരുന്നു. പെരുമ്പ പാലത്തിനരികെയുള്ള ടാറിങ് പ്രവൃത്തിയും കോത്തായിമുക്കിലെ പ്രവൃത്തിയും വളരെ വേഗത്തിൽ നടക്കുന്നുണ്ടെന്ന് മേഘ എൻജിനീറിങ് പ്രതിനിധി അറിയിച്ചു.
നഗരത്തിലേക്ക് വരാൻ
ആറുവരിപ്പാതയിലൂടെ കരിവെള്ളൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊത്തായമുക്കിലെ (ബൈപ്പാസ് തുടങ്ങുന്ന സ്ഥലത്ത്) എക്സിറ്റിലൂടെ സർവീസ് റോഡിലേക്ക് ഇറങ്ങണം. സർവീസ് റോഡ് വഴി ചെറുപുഴ-കാങ്കോൽ റോഡ് അടിപ്പാതയിലൂടെ കടന്ന് കോത്തായിമുക്ക് ബസാറിലൂടെ പയ്യന്നൂരേക്ക് പോകാം. കണ്ണൂർ ഭാഗത്ത് നിന്ന് ആറുവരിപ്പാതയിലൂടെ വരുന്നവർക്ക് എടാട്ട് കണ്ണങ്ങാടിന് സമീപമുള്ള സർവീസ് റോഡിലൂടെ ഇറങ്ങി പഴയ പെരുമ്പപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കാം. പെരുമ്പയിൽ നിന്ന് കരിവെള്ളൂർ ഭാഗത്തേക്ക് വരുന്നവർ നിലവിലുള്ള പഴയ റോഡ് വഴി കോത്തായിമുക്ക് കഴിഞ്ഞ് സർവീസ് റോഡ് വഴി ആറുവരിപ്പാതയിലേക്ക് കയറാം.
പുതിയ ബസ്‌സ്റ്റാൻഡ്: തദ്ദേശസ്ഥാപനങ്ങളുടെ നിസ്സഹകരണം; തുറന്നടിച്ച് എം.എൽ.എ.
പുതിയ ബസ്റ്റാൻഡ് ടെർമിനലിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ് ആർക്കാണ് നൽകേണ്ടതെന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. ചോദിച്ചു. പുതിയ ബസ്‌സ്റ്റാൻഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നഗരസഭ പ്രതിനിധിയുടെ മറുപടിയോടാണ് എം.എൽ.എ. തുറന്നടിച്ചത്.
ബജറ്റിലെ തുകയുമായി ബന്ധപ്പെട്ട് ഇന്റിമേഷൻ നൽകിയാൽ കൗൺസിൽ യോഗം അത് ചർച്ച ചെയ്ത് തീരുമാനമെടുക്കും എന്നുമായിരുന്നു ഉദ്യോഗസ്ഥപ്രതിനിധിയുടെ വിശദീകരണം.
ആരാണ് നഗരസഭയ്ക്ക് അറിയിപ്പ് നൽകേണ്ടതെന്നും അത് പറഞ്ഞാൽ അവരൊക്കൊണ്ട് കത്തയപ്പിക്കാമെന്നും എം.എൽ.എ. പറഞ്ഞു. ഇതിന് മുൻപ് ഇത്തരം അറിയിപ്പ് നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇതിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അഞ്ചു മിനിറ്റ് ഒരുമിച്ചിരുന്നാൽ തീരുന്ന പ്രശ്‌നമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി പറഞ്ഞു.
വിഷയം പിന്നീട് തർക്കത്തിലേക്ക് എത്തി. ചെറുപുഴ ഒഴികെ ബാക്കി ഒരു തദ്ദേശസ്ഥാപനവും എം.എൽ.എയെ ഒരു പരിപാടിക്കും വിളിക്കാറില്ലെന്ന് വി.കുഞ്ഞികൃഷ്ണൻ തുറന്നടിച്ചു. അതുമാത്രമല്ല എം.എൽ.എ. യെ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചു. കെ.കെ. ജോയി മറുവാദം ഉയർത്തിയതോടെ വാക് തർക്കമായി. എം.എൽ.എയെ പങ്കെടുപ്പിക്കേണ്ട പരിപാടികൾ വരാനുള്ളതേയുള്ളൂ എന്ന് കെ.കെ. ജോയ് പിന്നീട് പറഞ്ഞു.
യോഗത്തിൽ തഹസിൽദാർ പി. സജീവൻ സ്വാഗതം പറഞ്ഞു. വിവിധ തദ്ദേശസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളായ ജെസി ഷിജി, ഒ.കെ. ശശി, കെ. പ്രീത, കെ. ലളിത, പി.പി. സബിത, ടി.വി. ചന്ദ്രൻ, സുധാമണി, സതീശൻ കാർത്തികപ്പളിൽ, നഗരസഭാ കൗൺസിലർ വി.കെ.പി. ഇസ്മയിൽ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Published: 08 Nov 2026, 04:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented