കമ്പല്ലൂർ : മുൻകാലങ്ങളെ അപേക്ഷിച്ച് കാർഷികോത്പന്നങ്ങൾക്ക് മോശമല്ലാത്ത വില ലഭിക്കുമ്പോഴും ഉത്പാദനക്കുറവ് കാർഷിക മേഖലയുടെ തകർച്ചയ്ക്ക് വഴിവെക്കുന്നു.. കാലാവസ്ഥാവ്യതിയാനം മൂലം ഉത്പാദനത്തിലുണ്ടായ കുറവാണ് കാർഷിക മേഖലയെ തളർത്തുന്നത്. റബ്ബർ വില 300-ടുത്തെത്തിയിട്ടുണ്ട്. തേങ്ങക്ക് 54 രൂപ. പഴയ അടയ്ക്കക്ക് 540-ഉം പുതിയതിന് 450-ഉം ആണ് വില. കുരുമുളക് ഉൾപ്പെടെയുള്ള മറ്റ് കാർഷിക ഉത്പന്നങ്ങൾക്കും നല്ല വില ലഭിക്കുന്നുണ്ട്.
റബ്ബറിൽനിന്ന് കഴിഞ്ഞവർഷം ലഭിച്ചിരുന്ന പാലിന്റെ മൂന്നിൽ രണ്ടുപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് ടാപ്പിങ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മലയോരത്ത് തേങ്ങ ഉത്പാദനം ഗണ്യമായി കുറവുണ്ടെന്നാണ് കേരകർഷകർ പറയുന്നത്. അടയ്ക്ക ഉത്പാദനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉള്ളതുതന്നെ മൂപ്പെത്തുന്നതിന് മുമ്പ് കൊഴിഞ്ഞുപോകുന്നു. വർഷം കഴിയുന്തോറും തൊഴിലാളികളുടെ വേതനം വർധിക്കുകയും രാസവളമുൾപ്പെടെയുള്ള സാധനങ്ങൾക്ക് വില കുത്ത. യന്ത്രങ്ങൾ ഉപയോഗിച്ച് കാടുവെട്ടിത്തെളിക്കുന്നതിന് മണിക്കൂറിന് കഴിഞ്ഞ വർഷം 275 രൂപയായിരുന്നു. ഈ വർഷം 340 രൂപ വരെ കൊടുക്കേണ്ടി വരുന്നു. പൊട്ടാഷിന് 2200 രൂപയാണ് ഒരു ചാക്കിന് വില. കാർഷികരംഗത്ത് ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നത് കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതായി മലയോര കർഷകർ അഭിപ്രായപ്പെട്ടു. രോഗബാധയും കാലവസ്ഥവ്യതിയാനവും വിളകളിൽ നിരവധി രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. തെങ്ങിനും കവുങ്ങിനും മഞ്ഞളിപ്പ് ബാധിക്കുന്നു. തെങ്ങിന് മണ്ടചീയലും വർധിച്ചിടുണ്ട്. പൂപ്പൽരോഗം മൂലം റബ്ബറിന്റെ ഇല വ്യാപകമായി പൊഴിയുന്നുണ്ട്. ഇലപൊഴിച്ചൽ പാൽ ഉത്പാദനത്തിൽ കുറവ് വരുത്തുന്നുണ്ട്. കുരുമുളകിന്റെ വലുപ്പം കുറയുകയും ഉള്ളത് കൊഴിഞ്ഞുപോകുകയും ചെയ്യുന്നുണ്ട്. മഹാളിക്ക് പുറമേ മൂപ്പെത്താത്ത അടയ്ക്ക പൊഴിഞ്ഞുപോകുന്നുണ്ട്. പറിച്ചെടുത്ത അടയ്ക്ക മഴ കാരണം ഉണക്കാനാവതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ദുരിതമായി കാട്ടുമൃഗശല്യവും തേങ്ങ ഉത്പാദനത്തിൽ വൻ കുറവുണ്ട്. ഉള്ളത് തന്നെ കുരങ്ങ് വ്യാപകമായി നശിപ്പിക്കുന്നു. കിഴങ്ങ് വർഗങ്ങൾ പന്നി നശിപ്പിക്കുന്നു. കിഴങ്ങ് വർഗങ്ങൾ കൃഷി ചെയുന്നത് പൂർണമായും നിർത്തിവെച്ചിരിക്കയാണെന്ന് വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരങ്കയം സ്വദേശി എം.ആർ. ശശീന്ദ്രൻ ദുഃഖത്തോടെ സൂചിപ്പിച്ചു. മലയോര കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് യുവ കർഷകനായ കമ്പല്ലൂരിലെ സിജു കൊട്ടാരം പറഞ്ഞു.
Published: 07 Nov 2026, 04:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented