കുമ്പള : എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടനിർമാണത്തിനായി അനുവദിച്ചിട്ടുള്ള ഭൂമിയുടെ കിഴക്കുഭാഗത്തുള്ള സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനും അതിർത്തി നിർണയിച്ച് മാർക്ക് ചെയ്യുന്നതിനുമായി നടപടികൾ തുടങ്ങി. വെള്ളിയാഴ്ച കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് അധികൃതർ, എക്സൈസ് എന്നിവരുടെ സാന്നിധ്യത്തിൽ മഞ്ചേശ്വരം താലൂക്ക് സർവേയറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി. റോഡരികിലാണ് കൈയേറ്റം നടന്നതായി ആരോപണവും പരാതിയുമുള്ളത്.

To advertise here,

കെട്ടിടനിർമാണത്തിനായി 32 സെൻറ്‌ ഭൂമിയാണ് അനുവദിച്ചിരുന്നത്. 2003-ൽ അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടർ കളക്ടർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചിരുന്നെങ്കിലും വിഷയത്തിൽ ഫലപ്രദമായ നടപടികൾ ഉണ്ടായിരുന്നില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പും കെ.എസ്.ടി.പി. മുഖേന അതിർത്തിനിർണയ നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രശ്നം ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തുടർന്നാണ് നടപടികളുണ്ടായത്. അതിർത്തിനിർണയത്തിലൂടെ കൈയേറ്റം സ്ഥിരീകരിക്കപ്പെടുന്ന പക്ഷം, അത് ഒഴിപ്പിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തിയെന്നും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും സർവേ അധികൃതർ പറഞ്ഞു. സ്വകാര്യ വ്യക്തി കൈയേറിയെന്ന് പറയുന്ന സ്ഥലം ക്രയവിക്രയം നടന്നതാണെന്നും നിലവിലുള്ളത് മൂന്നാമത്തെ ഉടമസ്ഥരുടെ കൈയിലുമാണ്‌.

ഇവർക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. റോഡരികിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും.