നീലേശ്വരം : റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ്ങിന് പൂട്ടിട്ട് റെയിൽവേ സുരക്ഷാസേന. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പണമടച്ച് ഉപയോഗിക്കാവുന്ന വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടും തുടരുന്ന അനധികൃത പാർക്കിങ്ങിനെതിരെയാണ് നടപടി. രാജാ റോഡിലെ റെയിൽവേ മേൽപ്പാലം മുതൽ റെയിൽവേ സ്റ്റേഷന്റെ സമീപം വരെയാണ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത്. വെള്ളിയാഴ്ച ഇവിടങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളെല്ലാം സുരക്ഷാസേന ചങ്ങലയിട്ട് പൂട്ടി. നിയമപ്രകാരമുള്ള പിഴയീടാക്കി മാത്രം ഇത്തരം വാഹനങ്ങൾ വിട്ടുകൊടുക്കാനാണ് തീരുമാനം. അനധികൃത പാർക്കിങ് ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞദിവസമാണ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന് പുതിയ പാർക്കിങ് ബേ തുറന്നത്. സൗകര്യപ്രദമായ പാർക്കിങ്ങിന് ഒപ്പം വാഹനസുരക്ഷയും ഉറപ്പാക്കും വിധമാണ് ഇവിടത്തെ ക്രമീകരണം. അനധികൃത പാർക്കിങ്ങിനെതിരെ കർശനടപടികൾ സ്വീകരിക്കുമെന്നും ഈഘട്ടത്തിൽ തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.

To advertise here,