ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും എക്സൈസും ചേർന്ന്‌ നടത്തിയ വാഹനപരിശോധനയ്ക്കിടെ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് യാത്രക്കാരനായ യുവാവിനെ സാഹസികമായി പിടിച്ചു.

To advertise here,

ഇരുകരയിലേക്കും മാറിമാറി നീന്തി ആത്മഹത്യാഭീഷണി മുഴക്കിയ കണ്ണൂർ മരക്കാർകണ്ടിയിലെ അലിഷൻ ഫായിസിനെ (25) രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്. അലിഷൻ ഫായിസിന്റെ ബാഗിൽനിന്ന് എക്സൈസ് 400 ഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു. ഈയാളെ പിടിക്കാനുള്ള ശ്രമത്തിനിടെ കരിക്കോട്ടക്കരി എസ്‌.ഐ. ജോസ് പി. ജോസിന് കൈക്ക് പരിക്കേറ്റു. വെള്ളത്തിലിറങ്ങിയ പോലീസുകാരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണുകളും മറ്റും നഷ്ടപ്പെട്ടു.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീരാജ്പേട്ടയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് ഇറങ്ങി ഓടി പുഴയിൽ ചാടിയത്. മറുകരയിലേക്ക്‌ നീന്തി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ പോലീസുകാരും നാട്ടുകാരും ചേർന്ന് മറുകരയിലെത്തി. അതോടെ വീണ്ടും അലിഷൻ ഫായിസ് പുഴയിൽ ചാടി വീണ്ടും നീന്തി. അതിനിടെ ഒഴുക്കുള്ള പുഴയുടെ മധ്യഭാഗത്തെ പാറയിൽ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കി.

പാലത്തിൽ ബാഗും ചെരിപ്പും ഉപേക്ഷിച്ചാണ് യുവാവ് പുഴയിൽ ചാടിയത്.

പിടികൂടിയ അലിഷൻ ഫായിസിനെ എക്സൈസ് ചെക്പോസ്റ്റിലെത്തിച്ച് ദേഹപരിശോധന നടത്തിയെങ്കിലും മറ്റ്‌ ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. യുവാവിന്റെ കൈവശം കൂടുതൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നതായും പുഴയിൽ ചാടുന്നതിനിടെ അത് നശിപ്പിച്ചിരിക്കാമെന്നുമാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. വളപട്ടണം പോലീസ് സ്റ്റേഷനിൽ മറ്റൊരു ക്രിമിനൽ കേസും ഇയാളുടെ പേരിലുണ്ട്. ഇരിക്കൂർ എസ്.ഐ. എൻ.എ. സദാനന്ദൻ, അഡീഷണൽ എസ്.ഐ.മാരായ കെ. ഷാജി, സാജു, പ്രതീഷ് എന്നിവരും എക്സൈസ് സി.ഐ. ബി. ജിനു ജെയിംസ്, ഗ്രേഡ് ഇൻസ്പെക്ടർ ന്മാരായ പി.കെ. അനിൽകുമാർ, ഇ.സി. ദിനേശൻ എന്നിവരും നേതൃത്വം നൽകി. പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ നാട്ടുകാരും ദൗത്യത്തിൽ പങ്കാളികളായി.