മാങ്ങാട്ടിടം : ആയിത്തറയെയും നീർവേലിയെയും ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയമായിരുന്ന തണ്ട്യാംകണ്ടി നടപ്പാലം തകർന്നിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും പാലം പുനർനിർമിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാകുന്നു. 2024-ലെ പ്രളയത്തിൽ തകർന്ന് വീണ മാങ്ങാട്ടിടത്തെ നടപ്പാലം പുനർനിർമിക്കാൻ ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം പൂർണമായും സ്തംഭിച്ച നിലയിലാണ്. നടപ്പാലം തകർന്നത് വഴി ഇരുദേശങ്ങളിലെയും ജനങ്ങളുടെ നിത്യജീവിതം ദുരിതപൂർണമായി മാറിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ളവർ കിലോമീറ്ററുകൾ ചുറ്റിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കാൽനട യാത്രക്കാർക്ക് പുറമെ ചെറിയ വാഹനങ്ങൾക്കും കൂടി കടന്നുപോകാൻതക്കവണ്ണം വീതികൂട്ടി പുതിയ ഒരു പാലം ഇവിടെ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്ന കോൺക്രീറ്റ് നടപ്പാലത്തിന്റെ തൂണിൽ ടെലിഫോൺ തൂണുകളും മരപ്പലകകളും മരങ്ങളും ഉപയോഗിച്ച് നാട്ടുകാർ പാലം പുനർനിർമിച്ചാണ് ഇപ്പോൾ ഇതുവഴി യാത്ര ചെയ്യുന്നത്. കാലപ്പഴക്കം ചെല്ലുംതോറും താത്കാലിക പാലത്തിന്റെ പലകകളെല്ലാം ഇളകി അപകടാവസ്ഥയിൽ ആകുമെന്ന ആശങ്കയും നാട്ടുകാർക്കിടയിലുണ്ട്. പാലത്തിൽ കൂടെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ പോവുന്നത്. നിരവധി തവണ അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
Published: 17 Nov 2026, 03:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented