അബുദാബി : എമിറേറ്റിലെ ജനവാസ മേഖലകളിൽ ഹരിതയിടങ്ങളും പൊതുവിനോദ സൗകര്യങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി 15 കോടിയിലധികം ദിർഹം നിക്ഷേപത്തിൽ 12 പുതിയ പാർക്കുകൾ തുറന്ന് അബുദാബി ഗതാഗത നഗരസഭാ മന്ത്രാലയം. അബുദാബിയുടെ തെക്കൻ പ്രദേശങ്ങളിലെ പ്രമുഖ ജനവാസ കേന്ദ്രങ്ങളായ അൽ റിയാദ് സിറ്റി, ശഖ്ബൂത്ത് സിറ്റി എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഉദ്യാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 19 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ 1,35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ പാർക്കുകൾ വ്യാപിച്ചുകിടക്കുന്നത്.
അൽ റിയാദ് സിറ്റിയിൽ 1,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി ഏഴ് പാർക്കുകളും ശഖ്ബൂത്ത് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ സ്ഥലത്തായി അഞ്ച് പാർക്കുകളുമാണ് നിർമിച്ചിരിക്കുന്നത്. 87,200 ചതുരശ്ര മീറ്ററോളം വരുന്ന പച്ചപ്പുനിറഞ്ഞ തുറസ്സായ ഇടങ്ങളിൽ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ 3,129-ലധികം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിൽ പാഡൽ കോർട്ടുകൾ, വിവിധോദ്ദേശ്യ കായിക കോർട്ടുകൾ, വോളിബോൾ-ബാഡ്മിന്റൺ ഏരിയകൾ, പ്രത്യേക സൈക്ലിങ് പാത, ഫിറ്റ്നസ് സ്റ്റേഷനുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, പിക്നിക് ടേബിളുകൾ, കുടിവെള്ള പോയിന്റുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊർജക്ഷമതയുള്ള ലൈറ്റിങ് സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ ജലസേചന സംവിധാനങ്ങളുമാണ് പാർക്കുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
ഊർജ-ജല സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതവും സുസ്ഥിരവുമായ പൊതു ഇടങ്ങൾ നൽകുന്നതിനാണ് പാർക്കുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് സെക്ടർ ഡയറക്ടർ ജനറൽ ഈസ മുബാറക് അൽ മസ്റൂയി പറഞ്ഞു. കുടുംബങ്ങളുടെ വർഷമായി ആചരിക്കുന്ന ഈ വളയിൽ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും സാമൂഹിക ഐക്യം വളർത്തുന്നതുമായ അന്തരീക്ഷം ഒരുക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് ഫാദിൽ അൽ മുഹൈർബി വ്യക്തമാക്കി. വരുംതലമുറകൾക്കായി ഈ പാർക്കുകൾ സംരക്ഷിക്കേണ്ടത് നഗരസഭയുടെയും താമസക്കാരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ 4,200 കോടി ദിർഹം അനുവദിച്ചിട്ടുള്ള ‘അബുദാബി ലിവബിലിറ്റി സ്ട്രാറ്റജി’യുടെ കീഴിലാണ് ഈ വികസനക്കുതിപ്പ്. 2026-ന്റെ ആദ്യ പകുതിയിൽമാത്രം 66 പുതിയ പാർക്കുകൾ തുറന്നതോടെ 2024 മുതൽ ഇതുവരെ അബുദാബിയിൽ ആരംഭിച്ച ആകെ പുതിയപാർക്കുകളുടെ എണ്ണം 279 ആയി ഉയർന്നു. നേരത്തെ 62,000 ചതുരശ്ര മീറ്ററിൽ നവീകരിച്ച ഖാലിദിയ പാർക്കും 2025-ൽ അൽ ശംഖയിലെ 16 പാർക്കുകളും മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ 33 പാർക്കുകളും തുറന്നിരുന്നു. 2023-ൽ പദ്ധതി ആരംഭിക്കുന്നതിനു മുൻപ് 67 ശതമാനമായിരുന്ന ഡിസ്ട്രിക്ട് പൂർത്തീകരണ നിരക്ക് 2025-ൽ 81 ശതമാനമായി ഉയർന്നു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ 2026-ലെ ആഗോള സൂചികയിൽ മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച വാസയോഗ്യമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഈ നേട്ടം.
Published: 17 Nov 2026, 03:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented