കാസർകോട് : നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ നായക്സ്‌ റോഡിലെ നരകയാതനയ്ക്ക് പരിഹാരമാവുന്നു. വീതികുറവും കുണ്ടുംകുഴികളും നിറഞ്ഞ റോഡിന്റെ ശോച്യാവസ്ഥ പരിഹാരമൊരുക്കാനും രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനും കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ പദ്ധതി ഒരുങ്ങുന്നു. ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ ആസൂത്രണവും സമന്വയിപ്പിച്ചാണ് റോഡ് നവീകരണം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

To advertise here,

 

നിലവിൽ റോഡരികിലുള്ള തുറന്ന ഓട കാരണം വാഹനങ്ങൾക്ക് റോഡിലൂടെ സുഗമമായി സഞ്ചരിക്കാൻ വലിയ പ്രയാസമാണ് നേരിടുന്നത്. ഇതിന് പരിഹാരമായി ആധുനിക ഡ്രെയിനേജ് സംവിധാനമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

കൂടാതെ ഏറ്റവും ആധുനിക രീതിയിലുള്ള മെക്കാഡം ടാറിങ്ങും നടപ്പാക്കും. ഇത് പൂർത്തിയാവുന്നതോടെ നഗരസഭയുടെ വികസന പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പായി മാറുന്ന പദ്ധതിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാവിയിൽ റോഡ് വീണ്ടും പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈദ്യുതി കേബിളുകൾ, മറ്റു കേബിളുകൾ, കുടിവെള്ള പൈപ്പുകൾ എന്നിവ കൊണ്ടുപോകാൻ പെർമനന്റ് ഡക്റ്റ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. റോഡരികിലുള്ള വൈദ്യുതി തൂണുകളും മറ്റുള്ള തടസങ്ങളും റോഡിന്റെ വശങ്ങളിലേക്ക് മാറ്റി ഗതാഗതത്തിന് കൂടുതൽ സൗകര്യമൊരുക്കും.

റോഡ് നിർമാണം തികച്ചും ശാസ്ത്രീയവും ദീർഘവീക്ഷണത്തോട്കൂടിയതുമാക്കുന്നതിനായി കേരളത്തിലെ പ്രമുഖ ഗതാഗത ഗവേഷണ സ്ഥാപനമായ നാറ്റ്പാക്കിനെയാണ് പഠനത്തിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നാറ്റ്പാക്കിന്റെ വിദഗ്ധ സംഘം നായക്‌സ് റോഡിലൂടെ നേരിട്ട് സഞ്ചരിച്ച് നിലവിലുള്ള പ്രശ്‌നങ്ങൾ വിലയിരുത്തുകയും സ്ഥലപരിശോധനയും സർവേ നടപടികളും ആരംഭിക്കുകയും ചെയ്തു. റോഡിന്റെ നിലവിലെ അവസ്ഥ, ഗതാഗത പ്രശ്‌നങ്ങൾ, ഡ്രെയിനേജ് സംവിധാനത്തിന്റെ അപാകതകൾ തുടങ്ങിയവ പരിശോധിച്ചാണ് നവീകരണത്തിനുള്ള ശാസ്ത്രീയ നിർദേശങ്ങൾ തയ്യാറാക്കുന്നത്.

കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഗതാഗത ആസൂത്രണം, ട്രാഫിക് എൻജിനീയറിങ്, റോഡ് അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം, റോഡ് സുരക്ഷ തുടങ്ങിയ മേഖലകളിൽ നാറ്റ്പാക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിന സലീം, ഉപാധ്യക്ഷൻ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജാഫർ കമാൽ, ഹമീദ് ബെദിര, സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, എൻ.ആർ. വിദ്യാശ്രീ, കൗൺസിലർമാരായ രവി പൂജാരി, രാമകൃഷ്ണ ഹൊള്ള, ഹരീഷ്, എൻജിനീയർ ആന്റണി വട്ടോളി, ശ്രീജിത്ത്, വിഷ്ണു, മനീഷ തുടങ്ങിയവർ പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

നാറ്റ്പാക്കിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കുന്നതോടെ തുടർനടപടികൾ വേഗത്തിലാക്കി റോഡ് നവീകരണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ.

പദ്ധതി യാഥാർഥ്യമാകുന്നതോടെ നായക്‌സ് റോഡിലെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളിലും അടിസ്ഥാന വികസനത്തിലും വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.