45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 11.5 ലക്ഷത്തിലേറെ സന്ദർശകർ
ഷാർജ : അക്ഷരലോകത്ത് പുത്തൻ ചരിത്രം രചിച്ചുകൊണ്ട് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. നവംബർ നാല് മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടന്ന 12 ദിവസത്തെ സാംസ്കാരിക ഉത്സവത്തിൽ 208 രാജ്യങ്ങളിൽ നിന്നായി 11.5 ലക്ഷത്തിലധികം സന്ദർശകരാണ് പങ്കെടുത്തത്.
മുൻവർഷത്തെ അപേക്ഷിച്ച് മൊത്തം പുസ്തകവിൽപ്പനയിൽ 16 ശതമാനത്തിന്റെ വർധനയുണ്ടായതായി പ്രസാധകർ അറിയിച്ചു. തുടർച്ചയായ ആറാം വർഷവും പകർപ്പവകാശം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണിയെന്ന സ്ഥാനം ഷാർജ പുസ്തകമേള നിലനിർത്തി. 7,966 പകർപ്പവകാശ യോഗങ്ങളാണ് ഇത്തവണ നടന്നത്; മുൻവർഷത്തെക്കാൾ 140 ശതമാനത്തിലധികം വർധനയാണിത്.
പ്രദർശിപ്പിച്ചത് 17 ലക്ഷം പുസ്തകങ്ങൾ
ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ‘മെയ്ഡ് ഓഫ് സ്റ്റോറീസ്' (കഥകളാൽ നിർമിതം) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മേളയിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 3,626 പ്രസാധകരും പ്രദർശകരും പങ്കെടുത്തു. ഏകദേശം 17 ലക്ഷം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുത്ത 1,500-ലധികം സാംസ്കാരിക-കലാപരിപാടികളും അരങ്ങേറി.
സംഘാടകരുടെ കണക്കനുസരിച്ച് സന്ദർശകരുടെ സംതൃപ്തി 99.16 ശതമാനത്തിലെത്തി. 85,000 സ്കൂൾ വിദ്യാർഥികൾ മേള സന്ദർശിക്കുകയും എഴുത്തുകാരുമായി സംവദിക്കുകയും ചെയ്തു.
യു.എ.ഇ., ഇന്ത്യ, സിറിയ, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് സന്ദർശകരിൽ മുൻപന്തിയിലുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥികൾക്കുപുറമെ എത്തിയ സന്ദർശകരിൽ 25.6 ശതമാനം 18 വയസ്സിൽ താഴെയുള്ളവരായിരുന്നു. 25 മുതൽ 34 വയസ്സുവരെയുള്ളവരും 35 മുതൽ 44 വയസ്സുവരെയുള്ളവരും 22.9 ശതമാനം വീതവും, 18 മുതൽ 24 വയസ്സുവരെയുള്ളവർ 14.9 ശതമാനവും ഉണ്ടായിരുന്നു. സന്ദർശകരിൽ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമായിരുന്നു.
അൽ ഖസ്ബ, ഷാർജ അക്വേറിയം സ്റ്റേഷനുകൾ വഴി ഏർപ്പെടുത്തിയ ജലഗതാഗത സേവനം 13,824 യാത്രക്കാർ പ്രയോജനപ്പെടുത്തി. 650-ലധികം സന്നദ്ധപ്രവർത്തകരും സഹകാരികളും മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു. മേളയോടനുബന്ധിച്ച് നടന്ന 16-ാമത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ 1,888 പ്രസാധകർ പങ്കെടുക്കുകയും 98.44 ശതമാനം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം
മേളയിൽ പങ്കെടുത്ത പ്രസാധകരിൽ നിന്ന് ഷാർജയിലെ പൊതു ലൈബ്രറികൾക്കായി പുസ്തകങ്ങൾ വാങ്ങുന്നതിന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചത് പ്രസാധകർക്ക് വലിയ ആശ്വാസമായി. പുസ്തകമേളയുടെ വിജയം സന്ദർശകരുടെ എണ്ണത്തിനപ്പുറം കുട്ടികളിൽ വായനശീലം വളർത്തുന്നതിലും എഴുത്തുകാർക്കും പ്രസാധകർക്കും പുതിയ ആഗോള വിപണികൾ തുറന്നുകൊടുക്കുന്നതിലുമാണെന്ന് ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.
ഇത്തവണത്തെ മേളയിൽ ‘ഗസ്റ്റ് ഓഫ് ഓണർ’ ആയി പങ്കെടുത്ത ഒമാൻ സുൽത്താനേറ്റ് തങ്ങളുടെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചു. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അതിഥികളും 16 സാംസ്കാരിക സെഷനുകളും ആറ് കുട്ടികളുടെ ശില്പശാലകളും 20 കലാപരിപാടികളും ഒമാൻ പവിലിയനിൽ അരങ്ങേറി.
അറബിക് ആഖ്യാന പഠനങ്ങൾക്കും ഡിജിറ്റൽ സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യക്തീനെ 45-ാമത് പതിപ്പിന്റെ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കുകയും ചെയ്തു.
Published: 17 Nov 2026, 03:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented