ഇരിട്ടി : മാക്കൂട്ടം ചുരം പാതയിലെ വൻ കുഴികൾ പതിവായി അപകടങ്ങൾക്കും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ ചരക്കുലോറി കുഴിയിൽ വീണ് മറിഞ്ഞ് അഞ്ചുമണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു.

To advertise here,

ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപമാണ് ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. കൂട്ടുപുഴ ഭാഗത്തുനിന്ന് ലോഡുമായി വീരാജ്‌പേട്ടയിലേക്ക് പോകുകയായിരുന്ന ലോറിയാണ് കയറ്റം കയറുന്നതിനിടെ വലിയ വളവിൽ മറിഞ്ഞത്. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

ഇരിട്ടി, കണ്ണൂർ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുലർച്ചെ എത്തേണ്ട നിരവധി ടൂറിസ്റ്റ് ബസുകളാണ് വനത്തിനുള്ളിൽ കുടുങ്ങിയത്. വെള്ളം ലഭിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും യാത്രക്കാർ ഏറെ ദുരിതത്തിലായി. മൊബൈൽ നെറ്റ്വ‌ർക്ക് സൗകര്യമില്ലാത്തതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും പലർക്കും സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് മറിഞ്ഞ ലോറിയുടെ അരികിലൂടെ വാഹനങ്ങളെ കടത്തിവിട്ടത്. കിലോമീറ്ററുകളോളം ദൂരത്തിൽ ഇരുവശങ്ങളിലുമായി വാഹനങ്ങൾ നിരന്നുകിടന്നു.

പച്ചക്കറി, പാൽ, പഴവർഗങ്ങൾ എന്നിവയുമായി വന്ന വാഹനങ്ങളും കുടുങ്ങി. തീവണ്ടിയിലും വിമാനത്തിലും യാത്രചെയ്യേണ്ടവരും വനത്തിനുള്ളിൽ കുടുങ്ങിയവരിലുണ്ടായിരുന്നു. പെരുമ്പാടിയിലും മാക്കൂട്ടത്തും പോലീസ് വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച്‌ മണിക്കൂറിലധികം നീണ്ട ഗതാഗതതടസ്സത്തിനൊടുവിലാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.