കാസർകോട് : സർക്കാർ ഓഫീസുകളിൽ എത്തുന്ന ഓരോ ഫയലിലും ഒരു സാധാരണക്കാരന്റെയോ കുടുംബത്തിന്റെയോ പ്രതീക്ഷകളും ആവശ്യങ്ങളും കണ്ണീരുമുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ചുരുക്കം. മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഭരണാധികാരികൾ ഉദ്യോഗസ്ഥരോട് ഫയൽ നീക്കം വേഗത്തിലാക്കണമെന്നു പറയുമ്പോഴും അതിന് ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് യാഥാർഥ്യം. ജില്ലയിലെ സർവേ ഓഫീസുകളിൽ ജീവനക്കാരുടെ ക്ഷാമം കാരണം 6,317 ലാൻഡ് റെക്കോഡ്സ് മെയ്ന്റനൻസ് (എൽ.ആർ.എം.) ഫയലുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്.
ഭൂമിയുടെ അതിർത്തി നിർണയം, അതിർത്തി തർക്കങ്ങൾ പരിഹരിക്കൽ, റീസർവേ രേഖകളിലെ അപാകം തിരുത്തൽ, ഭൂമിയുടെ രേഖകൾ കൃത്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളാണ് എൽ.ആർ.എം. വിഭാഗത്തിൽ പരിഗണിക്കുന്നത്. എന്നാൽ ആവശ്യത്തിന് സർവേയർമാർ, ഹെഡ് സർവേയർമാർ, ഡ്രാഫ്റ്റ്സ്മാൻമാർ, അനുബന്ധ ജീവനക്കാർ എന്നിവരില്ലാത്തതിനാൽ അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് താലൂക്കുകളിലായി 3,118 എൽ.ആർ.എം. ഫയലുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിനു പുറമെ താലൂക്ക് സർവേയർമാരുടെ പക്കൽ 3,199 ഫയലുകളും കെട്ടിക്കിടക്കുന്നു.
മഞ്ചേശ്വരം താലൂക്കിൽ 715, കാസർകോട് താലൂക്കിൽ 350, ഹൊസ്ദുർഗ് താലൂക്കിൽ 2,053 എന്നിങ്ങനെയാണ് എൽ.ആർ.എം. വിഭാഗത്തിൽ തീർപ്പാക്കാനുള്ള ഫയലുകൾ. താലൂക്ക് സർവേയർമാരുടെ പക്കൽ മഞ്ചേശ്വരത്ത് 619, കാസർകോട് 943, ഹോസ്ദുർഗ് 1,147, വെള്ളരിക്കുണ്ട് 490 എന്നിങ്ങനെയും ഫയലുകൾ കെട്ടിക്കിടക്കുന്നു.
ജീവനക്കാരുടെ കുറവാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നത്. മഞ്ചേശ്വരം താലൂക്കിൽ മൂന്ന് സർവേയർമാരും ഒരു ഹെഡ് സർവേയറുമാണുള്ളത്. കാസർകോട് താലൂക്കിൽ ഒരു സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനും മാത്രമാണുള്ളത്. ഹൊസ്ദുർഗ് താലൂക്കിൽ ഏഴ് സർവേയർമാരും ഒരു ഹെഡ് സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനുമാണുള്ളത്. ആവശ്യത്തിന് സാങ്കേതിക ജീവനക്കാരില്ലാത്തത് സർവേ നടപടികളെ ബാധിക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് അധിക ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക എൽ.ആർ.എം. മിഷൻ രൂപവത്കരിക്കാനും അധികൃതർ തയ്യാറാവണം.
എം.എൽ.എ. മന്ത്രിക്ക് നിവേദനം നൽകിജില്ലയിലെ ഭൂമി സംബന്ധമായ തർക്കങ്ങൾക്കും രേഖകളിലെ അപാകതകൾക്കും പരിഹാരം കാണുന്നതിനും സാധാരണക്കാരുടെ ദീർഘകാലമായുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി കല്ലട്ര മാഹിൻ എം.എൽ.എ. മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി.
ജില്ലയിൽ 25 സർവേയർമാരെ അടിയന്തരമായി നിയമിക്കണം. എല്ലാ താലൂക്കുകളിലും ആവശ്യത്തിന് ഹെഡ് സർവേയർമാരെയും ഡ്രാഫ്റ്റ്സ്മാൻമാരെയും നിയമിക്കുന്നതിനൊപ്പം സർവേ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഫീൽഡ് പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കണം.
താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫയലുകൾക്ക് സമയപരിധി നിശ്ചയിച്ച് തീർപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
Published: 16 Nov 2026, 02:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented