ചുങ്കക്കുന്ന് : കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്ന് ടൗണിന് സമീപത്തെ വീട്ടിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കൊന്നു. പുതനപ്ര അനിൽ ആന്റണിയുടെ ഒരുവയസ്സിൽ താഴെയുളള ആടുകളെയാണ് കൊന്നത്.
ചുങ്കക്കുന്ന് ഫൊറോന പള്ളിയുടെ എതിർവശത്തായി, മലയോരഹൈവേക്ക് അനിലിന്റെ വീടിന്റെ പിൻവശത്തെ തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. തൊഴുത്തിൽ ഉണ്ടായിരുന്ന നാല് ആടുകളെയും കൊന്നു. ഒന്നിനെ പകുതിയിലേറെ തിന്നിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
പുലർച്ചെ നാലരയോടെ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ആടുകളെ കടിച്ചുകീറി കൊന്നിട്ടിരിക്കുന്നനിലയിൽ വീട്ടുകാർ കണ്ടത്. കൊമ്മേരി ആടുവളർത്തുകേന്ദ്രത്തിൽനിന്ന് വാങ്ങിയിരുന്നു ഇവയെ. തൊഴുത്തിൽ കുള്ളൻ പശുക്കൾ ഉൾപ്പെടെ ഏഴ് പശുക്കൾ ഉണ്ടായിരുന്നെങ്കിലും ഇവയെ ആക്രമിച്ചിട്ടില്ല.
വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള മണത്തണ സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കാനിഡേ വർഗത്തിൽപ്പെട്ട ചെന്നായ, കുറുനരി പോലുള്ള ജീവികളാണ് ആക്രമിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. വെറ്ററിനറി ഡോക്ടറടുത്ത് എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. സെക്ഷൻഫോറസ്റ്റ് ഓഫീസർ എം.കെ.മണികണ്ഠൻ,ബീറ്റ് ഫോറസ്സ് ഓഫീസർമാരായ വി.സി. പ്ര ജീഷ് കുമാർ, എ.കെ. അനൂപ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ടി. ബാലകൃഷ്ണൻ, വാച്ചർമാരായ ബോബി വർഗീസ്, റോയി മാത്യു എന്നിവരാണ് പരിശോധന നടത്തിയത്.
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, പഞ്ചായത്തംഗം സ്മിത വരപ്പോത്തുകുഴി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. നിരീക്ഷണത്തിനായി ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുമെന്നും രാത്രി പട്രോളിങ് നടത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചുങ്കക്കുന്ന് ടൗണിന് സമീപം വന്യജീവികളുടെ ആക്രമണം ഉണ്ടായത് ജനങ്ങളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
Published: 13 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented